ലഖ്നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് പരാജയം. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 12 റണ്‍സിനാണ് മുംബൈയെ തോല്‍പ്പിച്ചത്. 31 പന്തില്‍ 60 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കിയ വിഘ്നേഷിനും ഹാര്‍ദിക് പാണ്ഡ്യയുടെ അഞ്ചുവിക്കറ്റ് നേട്ടത്തിനും ലഖ്നൗവിന്റെ കുതിപ്പിനെ പിടിച്ചുനിര്‍ത്താനായില്ല. ഐപിഎല്‍ ക്രിക്കറ്റില്‍ വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റുചെയ്ത ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 20 ഓവറില്‍ എട്ടിന് 203 റണ്‍സെടുത്തു.
മിച്ചല്‍ മാര്‍ഷ് 31 പന്തില്‍ 60 റണ്‍സെടുത്തപ്പോള്‍, മറ്റൊരു ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 38 പന്തില്‍ 53ഉം, ആയുഷ് ബദോനി19 പന്തില്‍ 30ഉം ഡേവിഡ് മില്ലര്‍ 14 പന്തില്‍ 27ഉം റണ്‍സെടുത്ത് തിളങ്ങി.
മുംബൈക്കുവേണ്ടി ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ 36 റണ്‍സിന് അഞ്ചുവിക്കറ്റെടുത്തപ്പോള്‍ വിഘ്നേഷ് പുത്തൂര്‍ 39 റണ്‍സിന് ഒരുവിക്കറ്റ് നേടി. കഴിഞ്ഞ മത്സരത്തിലെ മുംബൈയുടെ ഹീറോ അശ്വനി കുമാര്‍ ഇത്തവണ മൂന്ന് ഓവറില്‍ 39 റണ്‍സ് എടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിനുവേണ്ടി മിച്ചല്‍മാര്‍ഷ്- മാര്‍ക്രം സഖ്യം ഉജ്ജ്വല തുടക്കം നല്കി. ഏഴ് ഓവറില്‍ 76 റണ്‍സ് എടുത്താണ് മാര്‍ഷ് മടങ്ങിയത്. ഇതില്‍ 60 റണ്‍സും മിച്ചല്‍ മാര്ഷിന്റെതായിരുന്നു.
രണ്ടാം ഓവറില്‍ ദീപക് ചഹാറിനെതിരേ 15 റണ്‍സ്. ആറാം ഓവറില്‍ അശ്വനി കുമാറിനെതിരേ 23 റണ്‍സും അടിച്ചു. സ്പിന്നര്‍ മിച്ചല്‍ സാന്റ്നറും അടി വാങ്ങി. കൂറ്റന്‍ അടികള്‍ക്കിടയില്‍, ഏഴാം ഓവറില്‍ ബൗളിങ്ങിനെത്തിയ മലയാളി ഇടംകൈ സ്പിന്നര്‍ വിഘ്നേഷ് പുത്തൂരിനെതിരേ മാര്‍ക്രം സിക്സ് നേടിയെങ്കിലും അവസാന പന്തില്‍ മിച്ചല്‍ മാര്‍ഷിന്റെ ക്യാച്ചെടുത്ത് പകരംവീട്ടി. മാര്ഷിനുശേഷമെത്തിയ നിക്കോളാസ് പൂരനും (ആറു പന്തില്‍) ഒരു സിക്സും ഒരു ഫോറും നേടി. ക്യാപ്റ്റന്‍ ഋഷഭ് പന്ത് (2) നാലാം മത്സരത്തിലും പരാജയമായി. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ക്യാച്ച് നല്കി. പിന്നീട് മാര്‍ക്രവും ആയുഷ് ബദോനിയും ചേര്‍ന്ന് സ്കോര്‍ മുന്നോട്ടുനീക്കി. 18-ാം ഓവറില്‍ മാര്‍ക്രമിനെയും അവസാന ഓവറിലെ അടുത്തടുത്ത പന്തുകളില്‍ ഡേവിഡ് മില്ലര്‍, ആകാശ് ദീപ് (0) എന്നിവരെയും ഹാര്‍ദിക് പുറത്താക്കിയെങ്കിലും അതൊന്നും ലഖ്നൗവിന്റെ സ്കോറിങ്ങിനെ കാര്യമായി ബാധിച്ചില്ല. മാര്‍ക്രമിന്റെ ഇന്നിങ്സില്‍ നാലു സിക്സും രണ്ടു ഫോറുമുണ്ട്.