രാജ്യത്ത് നിലവിലുളള ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന് ഭരണകൂടം. ഹിജാബ് ആന്റ് ചാരിറ്റി നിയമം നടപ്പാക്കുന്നത് നിര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടേറിയേറ്റ് പാര്‍ലമെന്റിന് കത്ത് നല്‍കുകയായിരുന്നു. ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനം.
ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകള്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുന്ന നിയമമാണ് ഇറാന് മുന്നോട്ടുവെച്ചത്. പരിഷ്കരിച്ച നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ, ചാട്ടവാറടിയോ ജയില്‍ ശിക്ഷയോ ലഭിക്കുമെന്നാണ് പറയുന്നത്. കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തില്‍ പറയുന്നു.