രാജേഷ് തില്ലങ്കേരി
ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ തിരിച്ചടിയുടെ കാരണക്കാരെ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം. പാലക്കാട്ടെ തോല്‍വിയുടെ ഉത്തരവാദികള്‍ ശോഭാ സുരേന്ദ്രന്, സന്ദീപ് വാര്യര്‍, എന്‍ ശിവരാജന്, പിന്നെ നാലു പ്രാദേശീക നേതാക്കള്‍.
സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് നല്കിയ റിപ്പോര്‍ട്ടിലാണ് ശോഭാ സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കുന്നത്. കെ സുരേന്ദ്രനുമായി ഇടഞ്ഞു നില്ക്കുന്ന ശോഭാ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്തുചാടിക്കാനുള്ള അവസാനത്തെ അടവായാണ് ഈ റിപ്പോര്‍ട്ടിനെ വിലയിരുത്തേണ്ടത്.
പാലക്കാട്ട് സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ശോഭാ സുരേന്ദ്രനെ സംസ്ഥാന നേതൃത്വം ഇടപെട്ട് വെട്ടിയതോടെയാണ് ശോഭ-സുരേന്ദ്രന് പോരാട്ടം ശക്തമായത്. പാലക്കാട് ശോഭാ സുരേന്ദ്രന് മത്സരിക്കുന്നതാണ് വിജയ സാധ്യത വര്‍ദ്ധിപ്പിക്കുന്നതെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.
എന്നാല്‍ ശോഭയെ ഒരു കാരണവശാലും സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന അധ്യക്ഷന്‍കൂടിയായ കെ സുരേന്ദ്രന് തയ്യാറായില്ല. പകരം വിശ്വസ്ഥനെ അവതരിപ്പിക്കാനുളള അണിയറ നീക്കം ഫലം കണ്ടു. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പുറത്തായതോടെ ശോഭ പാലക്കാട് തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന്റെ ഫലമായി ശോഭാ സുരേന്ദ്രന് പാലക്കാട് പ്രചാരണ രംഗത്ത് പിന്നീട് സജീവമായെങ്കിലും ശോഭയുമായുള്ള വിയോജിപ്പുകള്‍ അതേപടി നിലനിന്നു. ഒരു ട്രാക്ടറില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും ഒരുമിച്ച് റാലി നടത്തിയെങ്കിലും നേതാക്കള്‍ ഒരുമിച്ചു നില്‍ക്കുന്നുവെന്ന പ്രതീതി പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ല.
സന്ദീപ് വാര്യര്‍ തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാര്‍ത്ഥിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതും, പിന്നീട് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതും വലിയ തിരിച്ചടിയാണ് ബി ജെ പിക്ക് ഉണ്ടാക്കിയത്. എന്നാല്‍ സന്ദീപ് പാര്‍ട്ടി വിട്ടത് ഒരു ചലനവും ഉണ്ടാക്കില്ലെന്ന് പറഞ്ഞ അതേ നേതാക്കളാണ് ദേശീയ നേതൃത്വത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ സന്ദീപ് വിഷയം പരാജയത്തിന് പ്രധാന കാരണമായതായി പറയുന്നത്.
കൊടകര കുഴല്‍പ്പണ വിവാദം തെരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദമായി വന്നതും, തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലും പാലക്കാട്ടെ പരാജയത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്ന് നേതൃത്വം വിലയിരുത്തുന്നു.
പാലക്കാട് പരാജയം വലിയ വിഷയമായി ഉയര്‍ത്തിക്കാട്ടി ശോഭാ സുരേന്ദ്രനെ പാര്‍ട്ടിയില്‍ ഒതുക്കാനുള്ള നീക്കമാണ് സുരേന്ദ്രന് പക്ഷം ആരംഭിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഒരു അവസരവും വിട്ടുകളയരുതെന്ന നിലപാടാണ് കെ സുരേന്ദ്രന് പക്ഷത്തിനുള്ളത്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ നേരത്തെ തന്നെ ശോഭാ സുരേന്ദ്രനെതിരെ നിലപാട് പ്രഖ്യാപിച്ചിരുന്നു. ശോഭാ സുരേന്ദ്രന് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണെന്നിരിക്കെ ഗുരുതരമായ അച്ചടക്ക ലംഘനം ഉയര്‍ത്തിക്കാട്ടി കുരുക്കി പാര്‍ട്ടിയില്‍ അശക്തയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.
അടുത്ത ദിവസം നടക്കുന്ന നേതൃയോഗത്തില്‍ പാലക്കാട് തോല്‍വിയെക്കുറിച്ച് അവലോകനം നടക്കാനിരിക്കേ ശോഭയെ പ്രതിക്കൂട്ടിലാക്കിയുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതെന്നതും വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ബി ജെ പി പ്രവര്‍ത്തകര്‍ നോക്കിക്കാണുന്നത്.