ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അതിന് പുറകെയുള്ള വിവാദങ്ങളിലാണ് മലയാള സിനിമ വ്യവസായം. ഇതിനെല്ലാം പിന്നിൽ ആക്രമിക്കപ്പെട്ട ഒരു നടിയുടെ ദൃഢനിശ്ചയമാണെന്ന് ഓർമ്മപ്പെടുത്തുക യാണ് നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്.
സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഗീതുവിന്റെ പ്രതികരണം. ‘നമ്മൾ ഒരിക്കലും മറക്കരുത്, ഇതിനെല്ലാം തുടക്കം കുറിച്ചത് പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണ്’ എന്നായിരുന്നു ഗീതു മോഹൻദാസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോർമുകളിൽ കുറിച്ചത്.
വർഷങ്ങൾക്ക് മുമ്പ് കാറിൽ യാത്ര ചെയ്യുന്നതിനിടെ ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ സിനിമ മേഖലയിലെ അതിക്രമങ്ങൾ കണ്ടെത്താൻ ഹേമ കമ്മിറ്റി രൂപീകരിച്ചത്. സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്.
2019ൽ മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണ് ഉള്ളത്. ഡബ്ല്യുസിസി ഉൾപ്പടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് ഒഗസ്റ്റ് 19ന് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്.