പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കുട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണായവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി പി സരിന്. കോണ്‍ഗ്രസില്‍ നിന്നും വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായാണ് കെപിസിസി ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന് രംഗത്തെത്തിയത്.
സ്വന്തം ആള് സ്ഥാനാര്‍ത്ഥിയാകണമെന്ന ചിലരുടെ നിര്‍ബന്ധങ്ങളെ വകവെച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് തനിക്ക് കൃത്യമായി മനസിലായെന്നും സരിന് കൂട്ടിച്ചേര്‍ത്തു. യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍ചിന്തിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചിരുന്നുവെന്ന് സരിന് പറഞ്ഞു. ചില കാര്യങ്ങളെ മാത്രം അടിസ്ഥാനമാക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചാലുള്ള അപകടം പറഞ്ഞുവെന്നും സരിന് പറഞ്ഞു.
വെള്ളക്കടലാസില്‍ അച്ചടിച്ചു വന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പൂര്‍ണ്ണമാകില്ലെന്ന് പറഞ്ഞ സരിന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും കൂട്ടിച്ചേര്‍ത്തു
ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയും റീലുമിട്ടാല്‍ ഹിറ്റായെന്നാണ് വിചാരമെന്നും സമൂഹത്തെ നേര് വഴിക്ക് നയിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി ചര്‍ച്ച ഒരു പ്രഹസനമായിരുന്നു. ത്യാഗം സഹിക്കാന്‍ അറിയണമെന്നും ജയിലില്‍ കഴിയുന്നതല്ല ത്യാഗമെന്നും സരിന് വിമര്‍ശിച്ചു.
പാര്‍ട്ടി ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റ് അടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സ്ഥാനാര്‍ത്ഥി ജയിച്ച് വരേണ്ടത് പാലക്കാടിന്റെ ജനാധിപത്യ ബോധ്യത്തിന്റെ ആവശ്യമാണെന്നുമുള്ള വിശ്വാസം നല്‍കണം. അങ്ങനെ പറഞ്ഞിട്ട് സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ പറ്റണം’, സരിന് പറഞ്ഞു.