സംസ്ഥാനത്ത് മഞ്ഞപ്പിത്തം വിവിധയിടങ്ങളിൽ പടരുന്നത് തടയാൻ ക്ലോറിനേഷൻ നിർബന്ധമാക്കി ആരോഗ്യവകുപ്പ്.രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കാണ് ചുമതല.എല്ലാ ഭക്ഷണശാലകളിലും കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം നൽകണമെന്ന് നിർദേശം നൽകിയിരുന്നു.
കൂടാതെ, ജ്യൂസ് നിർമിക്കാൻ ശുദ്ധജലത്തിലുള്ള ഐസ് ഉപയോഗിക്കണം. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്- എ) മലിനജലത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച മുഖേന കിണറുകളിലെ വെള്ളം മലിനമായും ഹെപ്പറ്റൈറ്റിസ്- എ ഉണ്ടാകാൻ സാധ്യതയുണ്ട്. വിനോദയാത്ര നടത്തുന്നവരിൽ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങൾ ഉണ്ടായേക്കാം. അതിനാൽ, വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. കഴിഞ്ഞ ജൂണിൽ 728 മഞ്ഞപ്പിത്തരോഗം സ്ഥിരീകരിച്ചു. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. 2024ൽ ജൂൺ വരെ 3872 കേസാണ് റിപ്പോർട്ട് ചെയ്തത്. 27 മരണവുമുണ്ടായി.