ഇറ്റലിക്കാരുടെ ഹെര്‍മിസ് ദേവന്, കാലുകളില്‍ ചിറകുകളുള്ള ഹെര്‍മിസ് ദേവന്… വോളിബോള്ബോള് കോര്‍ട്ടില്‍ ഉയരുന്ന പന്തിന് മുന്നിലേക്ക് നാലു മീറ്ററോളം കുതിച്ചുയര്‍ന്ന് ഒു സെക്കന്റിലേറെ സമയം വായുവില്‍ നിശ്ചലനായി നില്ക്കുന്ന ആ കാലുകള്‍ക്ക് ചിറകുകളുണ്ടായിരുന്നു. തടുക്കാന്‍ കഴിയാത്തത്ര ശക്തിയില്‍ എതിര്‍കളത്തിലേക്ക് പ്രഹരിക്കുന്ന, ചടുലമായ സ്മാഷുകള്‍കൊണ്ട് നിമിഷാര്‍ദ്ധത്തില്‍ എതിര് കോര്‍ട്ടില്‍ പെടിപടര്ത്തുന്ന വാളിബോളിന്റെ ഒരേയൊരു ദൈവം…ജിമ്മി ജോര്‍ജ്ജ്.
കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് ലോക വോളിബോളിന്റെ ഹിമാലയങ്ങള്‍ കീഴടക്കിയ മനുഷ്യന്, വോളിബോളിന്റെ ചതുരക്കളങ്ങള്‍ക്ക് തീപിടിപ്പിച്ച പ്രതിഭ, വലയ്ക്ക് കുറുകെ ഇടിത്തീ പെയ്യിച്ച മഹാമനുഷ്യന്. ഞൊടിനേരംകൊണ്ട് ആവേശം നല്കിക്കൊണ്ടവസാനിക്കുന്നൊരു ഗംഭീര സ്മാഷ് പോലെ ജിമ്മിയും അതിവേഗം ജീവിതത്തിന്റെ കോര്‍ട്ടില്‍ നിന്നങ്ങ് മറയുകയായിരുന്നു.
അയാള്‍ക്ക് ചുറ്റും, അയാളുള്ള കോര്‍ട്ടിന് ചുറ്റും ആരാധകര്‍ തിങ്ങിക്കൂടി ആരവങ്ങുളുയര്ത്തിയ നേരത്ത്, കരിയറിലെ ഏറ്റവും മികച്ച സമയത്ത്, അയാള്‍ നിശബ്ദനായി പടിയിറങ്ങി. ആരാധകര്‍ക്ക് ഇന്നും ജിമ്മി ജോര്‍ജ് കണ്ണുകലങ്ങുന്നൊരു ഓര്‍മയാണ്. ലോകഫുട്ബോളില് മാന്ത്രികനായിരുന്ന ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മ്മ ദിനമാണിന്ന്.
1987 നവംബര്‍ 30 ന് ഇറ്റലിയിലെ മിലായില് ഉണ്ടായ ഒരു കാറപകടത്തിലാണ് ജിമ്മി ജോര്‍ജെന്ന മലയാളി താരം ഇല്ലാതാകുന്നത്. സമാനതകളില്ലാത്ത താരമായിരുന്നു ജിമ്മി. വോളീബോള്‍ കോര്‍ട്ടില്‍ ജിമ്മിയുടെ മിന്നുന്നസ്മാഷുകള്ക്ക് മുന്നില്‍ എതിരാളില്‍ പകച്ചുനിന്നുപോയ എത്രയെത്ര നിമിഷങ്ങള്‍.
ഉയരുന്ന പന്തിന് മുന്നിലേക്ക് നാലു മീറ്ററോളം കുതിച്ചുയരുന്ന ജിമ്മി ഒരു സെക്കന്റിലേറെ സമയം വായുവില്‍ നിശ്ചലനായി നില്ക്കുമായിരുന്നു. വില്ലുപോലെ പിറകോട്ടാഞ്ഞ് എതിരാളികളുടെ കളത്തിലേക്ക് വീഴുന്ന വെള്ളിടിക്ക് മറുപടി അസാധ്യമായിരുന്നു. ഇതായിരുന്നു ലോക വോളീബോളിലേക്ക് ജിമ്മിയെ എത്തിച്ചതും. ലോകത്തിലെ ഏറ്റവും മികച്ച പത്ത് സ്പൈക്കര്‍മാരില്‍ ഒരാളായിരുന്നു ഈ മലയാളി താരം.
കുടക്കച്ചിറ ജോസഫ് ജോര്‍ജിന്റെയും മേരിയുടേയും പത്തുമക്കളില്‍ രണ്ടാമനായിരുന്നു ജിമ്മി ജോര്‍ജ്. 1960കളുടെ തുടക്കത്തില്‍ പേരാവൂരിലെ സെന്റ് ജോസഫ് പള്ളിയുടെ മുറ്റത്ത് പ്രദേശത്തെ കായികപ്രേമികള്‍ എന്നും ഒത്തുകൂടുമായിരുന്നു. കുട്ടികളും മുതിര്‍ന്നവരുമൊക്കെ ചേര്‍ന്ന് ടീമുകളായി തിരിഞ്ഞ് പന്ത് കളിക്കലാണ് പ്രധാന പരിപാടി. ഒരുദിവസം പള്ളിയില്‍ പുതിയൊരു വികാരിയച്ചനെത്തി. വന്ന ഉടനെ അച്ഛന് ഒരു പുതിയ അറിയിപ്പ് കൂടി നാട്ടുകാര്‍ക്കായി പുറപ്പെടുവിച്ചു. പള്ളിമുറ്റത്തെ പന്തുകളി ഇനി നടക്കില്ല. വേണമെങ്കില്‍ വേറെ സ്ഥലം കണ്ടെത്തണം.
നാട്ടുകാരെല്ലാം, ഞെട്ടി. പള്ളിമുറ്റത്തെ സ്ഥിരം കളിക്കാരെല്ലാം കണ്ട് സംസാരിച്ചെങ്കിലും തീരുമാനത്തില്‍ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറാന്‍ വികാരിയച്ചന് തയാറായില്ല. അതോടെ പ്രദേശവാസിയായ ജോര്‍ജ്ജ് വക്കീല്‍ പന്തുകളിക്കാരായ കുറച്ച് സുഹൃത്തുക്കളെയും കൂട്ടി സ്വന്തം പറമ്പിലേക്ക് ചെന്ന് പത്തിരുപത് തെങ്ങ് വെട്ടിനിരത്തി. അങ്ങനെ തൊണ്ടിയിലുകാരുടെ ആദ്യത്തെ സ്ഥിരം കോര്‍ട്ട് പിറന്നു.
വാശിപ്പുറത്ത് കാണിച്ച എടുത്തുചാട്ടത്തില്‍ ജോര്‍ജ്ജ് വക്കീല്‍ മണ്ടത്തരം ചെയ്തെന്ന് നാട്ടിലാകെ പാട്ടായി. എന്നാല്‍ അതൊന്നും വകവെക്കാതെ ജോര്‍ജ്ജ് വക്കീല്‍ തന്റെ എട്ട് മക്കളെയും കോര്‍ട്ടിലിറക്കി. ഒരു പേക്ഷ, ലോകത്തില്‍ തന്നെ ഇത്തരമൊരു ടീ ആദ്യവും അവസാനവുമായിരിക്കാം.
ജോര്‍ജ് ബ്രദേഴ്സ് ടീം കണ്ണൂരില്‍ നിന്നും വളര്‍ന്ന് കേരളമാകെ പ്രസിദ്ധരായി. 1955 മാര്‍ച്ച് എട്ടിനായിരുന്നു ജിമ്മിയുടെ ജനനം. 1970 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ടീമില്‍ അംഗമായി. തൊട്ടടുത്ത വര്‍ഷം തന്നെ കേരളാ സ്റ്റേറ്റ് ടീം അംഗമായി. 1973 ല്‍ കേരളാ ടീമീന്റെ നായകനായി. 1974 ല്‍ ടെഹ്റാന് ഏഷ്യന്‍ ഗെയിംസിലൂടെ ഇന്ത്യന്‍ ടീമില്‍ അംഗമായതോടെ ജിമ്മി ജോര്‍ജ് എന്ന വോളീബോള്‍ താരം ലോകം അറിയുന്ന നിലയിലേക്ക് വളര്‍ന്നിരുന്നു.
ബാങ്കോക്ക് ഏഷ്യാഡിലും സോള്‍ ഏഷ്യാഡിലും ഇന്ത്യയുടെ ഏറ്റവും കരുത്തനായ താരമായി ജിമ്മി മാറിയിരുന്നു. 1976 ല്‍ രാജ്യം അര്‍ജ്ജുന അവാര്‍ഡ് നല്കി ആദരിച്ചു. 32 വയസിനിടയില്‍ ഒരു കായിക താരത്തിനു ലഭിക്കാവുന്ന എല്ലാ ആദരങ്ങളും ജിമ്മി നേടിയിരുന്നു എന്നത് ഏറെ വിസ്മയമായിരുന്നു.
ബാങ്കോക്ക് ഏഷ്യാഡിലെ പ്രകടനമാണ് ജിമ്മിയെ ലോക താരമാക്കിയത്. അബുദാബി സ്പോര്‍ട്സ് ക്ലബ്ബിന്റെ കുപ്പായ മണിഞ്ഞ്, ജിമ്മി ഇന്ത്യയി ആദ്യത്തെ പ്രൊഫഷണല്‍ വോളി താരമായി. കളിക്കത്തില്‍ ജിമ്മി തീര്‍ത്ത മിന്നല്‍പ്പിണറുകള്‍ വിദേശ താരങ്ങള്‍ക്ക് പോലും അത്ഭുതമായിരുന്നു. വ്യക്തമായി പറഞ്ഞാല്‍ അക്കാലത്ത് ഇന്ത്യയിലുള്ളതിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ ജിമ്മിക്ക് യൂറോപ്പിലുണ്ടായിരുന്നു എന്നതാണ് വസ്തുത.
ദുബായിലെ കളിമികവ് ജിമ്മിയെ ലോക ഒന്നാം നമ്പര്‍ ലീഗുകളില്‍ ഒന്നായ ഇറ്റാലിയന്‍ ക്ലബ്ബിലേക്കുള്ള വഴിതുറന്നു. ഇറ്റാലിയന്‍ ക്ലബ്ബായ ട്രെവിസ്കോയ്ക്ക് വേണ്ടിയായിരുന്നു ജിമ്മി കളിച്ചിരുന്നത്. ഇക്കാലത്ത് ഇറ്റലിയിലെ കായികപ്രേമികള്‍ ജിമ്മിയെ സ്നേഹത്തോടെ വിളിച്ചത് ഹെര്‍മിസ് എന്നായിരുന്നു. കാലില്‍ ചിറകുകളുള്ള, വായുവില്‍ പറന്നുയരുന്ന ഗ്രീക്ക് കഥകളിലെ ഹെര്‍മിസ് ദേവനായിരുന്നു അവര്‍ക്ക് കളിക്കളത്തില്‍ ജിമ്മി. കോര്‍ട്ടില്‍ ഉയരത്തില്‍ പറന്ന് പൊങ്ങി, വായുവില്‍ ഒറു നിമിഷം തങ്ങിനിന്ന് സ്മാഷ് പായിക്കുന്ന ജിമ്മിയെ മറ്റെന്ത് പേരിട്ട് വിളിക്കാനാണ്.
അകാലത്തില്‍ ജിമ്മി ഓര്‍മ്മകളിലേക്ക് മാഞ്ഞുവെങ്കിലും ഇറ്റലിക്കാര്‍ക്ക് ജിമ്മിയെന്ന താരം ഇന്നും പ്രിയങ്കരനാണ്. ഇറ്റലിയില്‍ ജിമ്മിയുടെ പേരില്‍ നിര്‍മ്മിച്ച സ്റ്റേഡിയം ഇതിന് ഏറ്റവും വലിയ ഉദാഹരണം തന്നെയാണ്. ജിമ്മിയെ ഇറ്റലിക്കാര്‍ ഇന്നും ആദരിക്കുന്നു. ജിമ്മിയുടെ ഓര്‍മ്മ ദിനം അവര്‍ ഇന്നും കൊണ്ടാടുന്നു. ജീവിതത്തിന്റെ കളിക്കളത്തില്‍ നിന്ന് ജിമ്മി ഇറങ്ങിപ്പോയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഒരു നോവായി ലോക വോളിബോള്‍ പ്രേമികളുടെ ഹൃദയങ്ങളില്‍ അയാള്‍ ജീവിക്കുകയാണ്.