ന്യൂയോര്‍ക്ക്: വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഭാര്യയെ അണ്‍ഫോളോ ചെയ്തതില്‍ വിശദീകരണവുമായി ഗായകന് ജസ്റ്റിന് ബീബര്‍. ഭാര്യയെ അണ്‍ഫോളോ ചെയ്യുന്നത് താനല്ലെന്ന് അവകാശപ്പെട്ടാണ് ജസ്റ്റിന് ബീബര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഭാര്യ ഹെയ്ലി ബീബറിനെ ജസ്റ്റീന്‍ ബീബര്‍ അണ്‍ഫോളോ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ദമ്പതികള്‍ വേര്‍പിരിയുകയാണെന്നും ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും കിംവദന്തികള്‍ പ്രചരിച്ചിരുന്നു.
‘ആരോ എന്റെ അക്കൗണ്ടില്‍ കയറി എന്റെ ഭാര്യയെ അണ്‍ഫോളോ ചെയ്തു’ എന്ന് ഇന്‍സ്റ്റ സ്റ്റോറിയിലൂടെ ജസ്റ്റിന് ബീബര്‍ വിശദീകരണം നല്കി. 2018-ല്‍ വിവാഹിതരായ ജസ്റ്റിന് ബീബറും ഹെയ്ലിയും തങ്ങളുടെ ബന്ധത്തില്‍ പ്രശ്നം നേരിടുന്നു എന്ന തരത്തില്‍ നിരന്തരം വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ഇരുവരും ഇത്തരം വാര്‍ത്തകളെ മുഖവിലയ്ക്കെടുക്കാറില്ല.