ഡൽഹി : കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിൽ സംസ്ഥാന സർക്കാറിനും ഇ.ഡിക്കും തിരിച്ചടി. സംസ്ഥാന സര്‍ക്കാരും ഇഡിയും നല്കിയ അപ്പീലുകള്‍ സുപ്രീം കോടതി തള്ളി. കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസുമാരായ അഭയ് എസ്, അഗസ്റ്റിന് ജോര്‍ജ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയില്ലയെന്നും ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോയെന്നും കോടതി ചോദിച്ചു. കേസില്‍ ഇതുവരെ 54 പേരുടെ മൊഴികളും ബെഞ്ച് പരിശോധിച്ചു. ഇതിന് ശേഷമാണ് നടപടി.
2014 ൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ചിനായി കെഎം ഷാജി 25 ലക്ഷം രൂപ കോഴവാങ്ങിയെന്നായിരുന്നു കേസ്. പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020 ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസെടുത്തത്.
എന്നാൽ 2022 ജൂൺ 19 ന് ഈ കേസിൽ കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇഡി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.