കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ മൃദംഗ നാദം പരിപാടിക്കിടെ ഉമാ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇന്റർനാഷണൽ ഇവെന്റ്സ് ഉടമ പി എസ് ജിനീഷ് കുമാർ പൊലീസ് കസ്റ്റഡിയിൽ. തൃശ്ശൂരിൽ പിടികൂടിയ ഇയാളുടെ അറസ്റ്റ് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം രേഖപ്പെടുത്തും.
ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. സ്റ്റേഡിയം വാടകയ്ക്ക് എടുക്കാൻ ഒപ്പിട്ട് നൽകിയത് മൃദംഗ വിഷൻ എം ഡിയായ നിഗോഷ് കുമാറാണെങ്കിലും അനുമതി പത്രം ഉൾപ്പടെ രേഖകൾ കൈപ്പറ്റിയത് കമ്പനിയുമായി യാതൊരു ബന്ധവുമില്ലാത്ത കൃഷ്ണകുമാറായിരുന്നു.
ഈ സാഹചര്യത്തിൽ പരിപാടിയുടെ വിശ്വാസ്യതയും, യഥാർഥ ഗിന്നസ് റെക്കോർഡ് തന്നെയാണോ നൽകിയതെന്നും, ഇതിനായി കൊച്ചിയിലെത്തിയവർ യോഗ്യരാണോ എന്ന് കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 28നാണ് മൃദംഗ വിഷൻ്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത്.