വാഷിങ്ടൺ: കമല ഹാരിസ് ഇസ്രായേലിനെ വെറുക്കുന്നു. അവർ പ്രസിഡന്റായാൽ രണ്ട് വർഷം പോലും ഇസ്രായേൽ നിലനിൽക്കില്ല. അറബ് ജനതയേയും കമല ഹാരിസ് വെറുക്കുകയാണ്. താൻ പ്രസിഡന്റായാൽ പ്രശ്നത്തിന് ഉടൻ പരിഹാരം കാണും, റഷ്യ-യുക്രെയ്ൻ യുദ്ധത്തിനും താൻ അറുതി വരുത്തും, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തില്‍ കമലക്കെതിരെ ആരോപണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ട്രംപ്.
ട്രംപിന്റെ ആരോപണങ്ങൾ കമല ഹാരിസ് നിഷേധിച്ചു. ഇസ്രായേലിന്റെ സുരക്ഷക്ക് വേണ്ടി പ്രതിജ്ഞാബദ്ധമാണെന്ന് കമല പറഞ്ഞു. വിഭജിക്കാനും ശ്രദ്ധതിരിക്കാനുമുള്ള ശ്രമമാണ് ഡോണൾഡ് ട്രംപ് നടത്തുന്നത്. ഏകാധിപതികളെ അംഗീകരിക്കുന്ന ട്രംപ് ഒരു ഏകാധിപതിയാവാനാണ് ശ്രമിക്കുന്നതെന്നും കമല ഹാരിസ് പറഞ്ഞു.
ക്യാപ്പിറ്റൽ ആക്രമണം സംബന്ധിച്ചും ചൂടേറിയ സംവാദമാണ് ഇരുവരും തമ്മിൽ നടന്നത്. സംഭവത്തിൽ തനിക്ക് ഖേദമില്ലെന്നും സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തതെന്നും ട്രംപ് പറഞ്ഞു. അമേരിക്ക അപമാനിക്കപ്പെട്ട സംഭവമെന്നായിരുന്നു ആക്രമണത്തെ സംബന്ധിച്ച് കമല ഹാരിസിന്റെ പ്രതികരണം.
ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങൾ കമല ആയുധമാക്കിയപ്പോൾ അഭയാർഥി പ്രശ്നങ്ങൾ അടക്കം ട്രംപ് ആയുധമാക്കി. ഗർഭഛിദ്ര നിയമങ്ങളിലും ശക്തമായ വാഗ്വാദമാണ് നടന്നത്.