കണ്ണൂർ: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ പരോളിലിറങ്ങി. കണ്ണൂർ വനിത ജയിലില്‍ കഴിഞ്ഞിരുന്ന ഇവർക്ക് 15 ദിവസത്തെ പരോളാണ് അനുവദിച്ചതെന്നും സ്വാഭാവിക നടപടിയാണിതെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.ശിക്ഷായിളവ് നല്കി ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനം വിവാദമായതിനെതുടർന്ന് മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തരവകുപ്പ് പരോള്‍ അനുവദിച്ചത്.
നൈജീരിയക്കാരിയായ സഹതടവുകാരിയെ മർദിച്ചതിന് ഷെറിനെതിരെ കണ്ണൂർ ടൗണ്‍ പൊലീസ് കഴിഞ്ഞമാസം കേസെടുത്തിരുന്നു. പരോള്‍ നല്‍കുന്നതിന് തടസ്സമല്ലെന്നും ജയിലധികൃതർ പറഞ്ഞു. ഉന്നത ബന്ധമാണ് ഷെറിന്റെ ശിക്ഷായിളവ് നീക്കത്തിന് കാരണമെന്നും ജയിലില്‍ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും ആരോപണമുയർന്നിരുന്നു.