സംസ്ഥാനസ്കൂള്‍ കായികമേളയില്‍ കരാട്ടേ മത്സരയിനത്തില്‍ 19 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ 44 കി. ഗ്രാം വിഭാഗത്തില്‍ ഫിദ ഹാജത്തും 36 കി.ഗ്രാം വിഭാഗത്തില്‍ ഫെമിദ ഹാജത്തും കട്ടാമിയില്‍ (കരാട്ടേവേദി) ഇടിച്ചിട്ടത് സ്വര്‍ണ്ണം.
പ്ലസ് ടു വിദ്യാര്‍ഥിയായ ഫിദ ഹാജത്ത് തുടര്‍ച്ചയായി നാലാം തവണയാണ് സംസ്ഥാനതലത്തില്‍ സ്വര്‍ണ്ണത്തില്‍ മുത്തമിടുന്നത്. എതിരാളിക്ക് ഒരു സ്കോര്‍ പോലും നല്കാതെയുള്ള പ്രതിരോധത്തിലൂടെയാണ് ഫിദ വിജയം നേടിയത്.
2023 ദേശീയ സ്കൂള്‍ കായികമേളയിലെ വെങ്കല മെഡല്‍ ജേതാവും ഏറ്റവും പ്രായം കുറഞ്ഞ താരവുമായിരുന്നു ഫിദ. 2018 ല്‍ സര്‍ക്കാര്‍ കരാട്ടേയെ സ്കൂള്‍ കായികമേളയില്‍ ഉള്‍പ്പെടുത്തിയതു മുതല്‍ എല്ലാ സംസ്ഥാന കായിക മേളയിലും ഈ മിടുക്കി ആദ്യ സ്ഥാനത്ത് എത്തിയിരുന്നു.
കരാട്ടേയില്‍ മാത്രമല്ല കോഴിക്കോട് സംഘടിപ്പിച്ച 20-ാമത് സംസ്ഥാന ഭാരോദ്വഹന മത്സരത്തിലും സബ് ജൂനിയര്‍ വിഭാഗത്തില്‍ വെള്ളി മെഡല്‍ ജേതാവു കൂടിയായിരുന്നു ഈ മിടുക്കി’
ഇത്താത്തയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫിദയ്ക്കൊപ്പം ഒമ്പതാംക്ലാസുകാരിയായ ഫെമിദയും കരാട്ടേയിലേക്ക് കടന്നുവന്നത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ചാമ്പ്യനും 2023 ല്‍ ദേശീയതലത്തില്‍ വെള്ളിമെഡല്‍ ജേതാവുമാണ് ഈ താരം.
അധ്യാപക ദമ്പതികളായ അനീഷിന്റെയും ജസ്നയുടെയും മക്കളാണ് ഈ മിന്നും താരങ്ങള്‍. കേരളത്തില്‍ നിന്നുള്ള കരാട്ടേ ടീമിന്റെ മാനേജര്‍മാര്‍ കൂടിയാണ് ഈ ദമ്പതികള്‍.
സഹോദരിമാര്‍ വീട്ടില്‍ വഴക്കുണ്ടാക്കുമ്പോള്‍ എങ്ങനെ എന്നു ചോദിച്ചാല്‍ രണ്ട് പേരും ബ്ലാക് ബെല്‍റ്റാണ്, കരാട്ടെ ഞങ്ങള്‍ക്ക് കുടുംബകാര്യവും അതിനാല്‍ ഇടികൂടുന്നത് അവരുടെ പരിശീലനമായി എടുക്കുമെന്നാണ് പുഞ്ചിരിയോടെ ഉമ്മ ജസ്ന പറയുന്നത്. ഫിദ ഗവ. ബോയ്സ് ആറ്റിങ്ങല്‍ സ്കൂളിലെയും ഫെമിദ ഗവ. എച്ച് എസ്. അവനവന്ചേരിയിലെയും വിദ്യാര്‍ഥിയാണ്.
കഴിഞ്ഞ ഏഴുവര്‍ഷമായി മക്കള്‍ക്കൊപ്പം വിവിധ മത്സരങ്ങളില്‍ കൂടെ പോകുന്നവരാണ് ഇരുവരും. ഈ വര്‍ഷത്തെ മികച്ച സംഘാടനവും എല്ലാ മത്സരങ്ങള്‍ക്കും ഒരുക്കിയ സൗകര്യങ്ങളും ലഭിച്ച സ്വീകാര്യതയും വാക്കുകള്‍ക്കതീതമാണെന്ന് അനീഷ് പറഞ്ഞു.
സ്വസ്തിയ ഫിറ്റ്നസ് സ്പെയിസിലെ ചീഫ് ഇന്‍സ്ട്രക്ടര്‍ സമ്പത്തിന്റെയും പരിശീലകനായ അമലിന്റെയും കീഴിലാണ് ഫിദയും ഫെമിദയും പരിശീലനം നടത്തുന്നത്. അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ന്നു വരുന്ന ശിഷ്യരുടെ നേട്ടത്തെ ഏറെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് കോച്ച് സമ്പത്ത് പറഞ്ഞു.