കരുവന്നൂര്‍ ബാങ്ക് വെട്ടിപ്പുകേസും, കണ്ണൂരിലെ ബോംബ് സ്ഫോടനവും ഏറെ സങ്കീര്‍ണമാവുന്നതോടെ ഈ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ മറികടക്കാനാവുമെന്ന ചര്‍ച്ചയിലാണ് സിപിഎം നേതൃത്വം. ഇഡിയും ആദായ നികുതി വകുപ്പും നടപടികള്‍ കടുപ്പിച്ചതോടെ തൃശ്ശൂരിലെ സിപിഎം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഉണ്ടായത് പ്രാദേശിക നേതൃത്വത്തിന്റെ ജാഗ്രതക്കുറവാണ് എന്നു മാത്രമായിരുന്നു സിപിഎം നേതാക്കള്‍ ആദ്യ ഘട്ടത്തില്‍ പ്രചരിപ്പിച്ചിരുന്നത്.
പണം നിക്ഷേപിച്ചവര്‍ ഭയപ്പെടേണ്ടതില്ലെന്നും നിക്ഷേപ തുക തിരിച്ചു നല്‍കുമെന്നും സിപിഎം പ്രചാരണം നടത്തി
സംസ്ഥാന സര്‍ക്കാര്‍ ഈ ബാങ്ക് തട്ടിപ്പിനെ കുറിച്ച് അന്വേിക്കുന്നതിനായി വിജിലന്‍സിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ബാങ്കിലെ കുറച്ച് ഉദ്യോഗസ്ഥരെയും ഭരണ സമിതി അംഗങ്ങളെയും പ്രതികളാക്കിക്കൊണ്ട് കേസും ചാര്‍ജ് ചെയ്തു. പണം നിക്ഷേപിച്ചവര്‍ ഭയപ്പെടേണ്ടതില്ലെന്നും നിക്ഷേപ തുക തിരിച്ചു നല്‍കുമെന്നും സിപിഎം പ്രചാരണം നടത്തി.
എന്നാല്‍ അതൊന്നും വേണ്ടത്ര ഫലിച്ചില്ല. കുറുച്ചുപേര്ക്ക് നിക്ഷേപ തുക തിരിച്ചുകിട്ടിയെങ്കിലും നിക്ഷേപകര്‍ ഇപ്പോഴും ത്രിശങ്കുവിലാണ്. കരുവന്നൂര്‍ കുരുക്കില്‍ പെട്ട് പാര്‍ട്ടി ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. കണ്ണൂരില്‍ നിര്‍മാണത്തിനിടയില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് ഒരു സിപിഎം അനുഭാവി മരിക്കുന്നതും മൂന്നു പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതും, ഇതിലൊന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പ്രസ്താവന നടത്തി നേതാക്കള്‍ ഇതിന്റെ പാപഭാരത്തില്‍ നിന്നും കൈകഴുകി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും, ബോംബുണ്ടാക്കിയത് ഡിവൈഎഫ്ഐക്കാരാണ് എന്ന പൊലീസ് കണ്ടെത്തല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി.
ഞങ്ങളുടെ ആളുകള്‍ ബോംബുപൊട്ടി മരിച്ചാല്‍ നിങ്ങക്കെന്താ
വടകര മണ്ഡലത്തിന്റെ ഭാഗമായുള്ള പാനൂരിലാണ് സ്ഫോടനം നടന്നത്. ഇത് സംസ്ഥാനത്താകമാനം സിപിഎമ്മിന് വലിയ പ്രഹരമായി മാറുകയാണുണ്ടായത്. ഒരു ബോംബ് സ്ഫോടനവും ഒരാളുടെ മരണവും, മാത്രമാണ് സംഭവമെന്നു വേണമെങ്കില്‍ ഇപി ജയരാജന്റെ ഭാഷയില്‍ പറയാം. ഞങ്ങളുടെ ആളുകള്‍ ബോംബുപൊട്ടി മരിച്ചാല്‍ നിങ്ങക്കെന്താ… എന്ന നിലപാടിലായിരുന്നു സിപി എം നേതാക്കള്‍. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവുകയാണ്.
പാര്‍ട്ടിക്ക് ബന്ധമില്ലെന്നുള്ള പ്രസ്താവനയില്‍ നിന്നൊക്കെ വോട്ടു കാലത്ത് രക്ഷപ്പെടാന്‍ സിപിഎം ഉണ്ടാക്കിയ മറയായിരുന്നിരിക്കാം അത്. എന്നാല്‍ അതൊന്നും സിപിഎമ്മിന് ഗുണം ചെയ്യില്ലെന്ന് വ്യക്തം. ബോംബ് രാഷ്ട്രീയം കണ്ണൂരില്‍ വീണ്ടും അശാന്തി പടര്‍ത്തുമോ എന്ന ആശങ്ക സമാധാന കാംഷികളായ കണ്ണൂരിലെ ഭൂരിപക്ഷം ജനതയ്ക്കുമുണ്ടെന്നത് തിരിച്ചടികയുടെ ആഘാതം വര്‍ധിപ്പിക്കുമെന്നാണ് സിപിഎം ഭയക്കുന്നത്.
രഹസ്യമായി വച്ചിരുന്ന ഒരു ബാങ്ക് അക്കൗണ്ട് മരവിച്ചത് സിപിഎമ്മിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്
സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന മറ്റൊരു ദുരന്തമാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ്. ബാങ്ക് തട്ടിപ്പില്‍ കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള വലിയ ഇടപാടുകള്‍ നടന്നതായി കണ്ടത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വരവോടെയാണ്. മാത്രമല്ല കരുവന്നുര്‍ ബാങ്കില്‍ നടന്നത് വലിയ തട്ടിപ്പാണെന്നും, പാര്‍ട്ടിക്കും ഉന്നത നേതാക്കള്‍ക്കും കരുവന്നൂര്‍ കേസില്‍ കൂടുതല്‍ കുരുക്കായി സിപിഎം പ്രതിക്കൂട്ടിലുമായി. രഹസ്യമായി വച്ചിരുന്ന ഒരു ബാങ്ക് അക്കൗണ്ട് മരവിച്ചത് സിപിഎമ്മിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. അഞ്ചു കോടിയാണ് ഈ അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്നത്. സിപിഎമ്മിന് ഒന്നും ഒളിക്കാനില്ലെന്നാണ് സിപിഎം കുറച്ചുകാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്.
പാര്‍ട്ടിയുടെ എല്ലാ കണക്കുകളും കൃത്യമാണ്, ഒരു രഹസ്യ സ്വഭാവവുമില്ല… എന്നാല്‍ ഇതൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചെവിക്കൊള്ളേണ്ട ബാധ്യതയില്ല. ഒപ്പം ആദായനികുതി ഉദ്യോഗസ്ഥരും പിടിമുറുക്കിയിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവരുടെ ആരോപണം. കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ സിപിഎം പ്രവര്ത്തകന് മരിച്ച സംഭവം സിപിഎമ്മിനെ തിരിഞ്ഞു കുത്തുകയും ചെയ്തു. വടകരയിലും കണ്ണൂരിലും വന്‍ തിരിച്ചടിയുണ്ടാവുമെന്ന ആശങ്കയിലാണ് സിപിഎം.
തൃശ്ശൂരില്‍ സിപിഎം ആകെ മൊത്തം പരിഭ്രാന്തിയിലാണ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അന്വേഷണവുമായി ഇഡി നേതാക്കളിലേക്ക് എത്തിയതോടെ ഇഡിക്കെതിരെ ശക്തമായ നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നത്. ഇഡി ഇലക്ഷന് ഡിപ്പാര്‍ട്ട്മെന്റാണെന്നും സുരേഷ് ഗോപിക്ക് വിജയിക്കാനുള്ള നിലമൊരുക്കുകയാണ് ഇഡി ചെയ്യുന്നതെന്നുമായിരുന്നു പ്രധാന ആരോപണം.
എന്നാല്‍ ഇഡി ഏറെക്കുറേ മുന്നേട്ടേയ്ക്ക് പോയെങ്കിലും അരവിന്ദാക്ഷന് എന്ന ഒരു പ്രാദേശിക നേതാവിനെ മാത്രമാണ് ഇഡി അറസ്റ്റു ചെയ്തിരുന്നത്. മുന്‍ മന്ത്രി എസി മൊയ്തീന്, സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, കേരളാ ബാങ്ക് വൈസ്.പ്രസിഡന്റ് എംകെ കണ്ണന് എന്നിവരാണ് ആദ്യ ഘട്ടത്തില്‍ ഇഡിയുടെ അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലേക്ക് മുന്‍ ആലത്തൂര്‍ എംപി പികെ ബിജുവും ഉള്‍പ്പെടുന്നത്.
ആരോപണങ്ങളില്‍ പെടാതിരിക്കാന്‍ പഴുതടച്ച നീക്കമാണ് ഇഡി നടത്തുന്നത്
പികെ ബിജുവിനെയും എംഎം വര്‍ഗീസിനെയും രണ്ടുതവണ ചോദ്യം ചെയ്തു കഴിഞ്ഞു. ഇന്ന് വീണ്ടും ചോദ്യം ചെയ്യുകയാണ്. ആരൊക്കെയാണ് കേസില്‍ അറസ്റ്റു ചെയ്യപ്പെടുകയെന്നു വ്യക്തമല്ല, ഈ ഭയമാണ് സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. ഇഡിയെ ഉപയോഗിച്ച് പാര്‍ട്ടിയുടെ നേതാക്കളെ കുരുക്കാന്‍ ശ്രമം എന്നൊക്കെ പറയുമ്പോഴും ഇഡി വളരെ ശ്രദ്ധയോടെയാണ് നീങ്ങുന്നത്. പിന്നീട് ആരോപണങ്ങളില്‍ പെടാതിരിക്കാന്‍ പഴുതടച്ച നീക്കമാണ് ഇഡി നടത്തുന്നത്. ആദായ നികുതി വകുപ്പാണ് അനധികൃത ഇടപാടുകളും, അക്കൗണ്ടുകളും സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നത്.
വിവിധ ബാങ്കുകളിലായി 81 അക്കൗണ്ടുകള്‍ പാര്‍ട്ടിക്ക് തൃശ്ശൂരില്‍ മാത്രം ഉണ്ടെന്നാണ് ഇ ഡി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്കിയ കത്തില്‍ പറയുന്നത്. തൃശ്ശൂര്‍ ജില്ലയിലെ 12 സഹകരണ ബാങ്കുകളില്‍ ക്രമക്കേട് നടന്നുവെന്നുള്ള ഇഡിയുടെ വെളിപ്പെടുത്തലും സിപിഎമ്മിനെ കൂടുതല്‍ ആശങ്കയിലാക്കുന്നതാണ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് 300 കോടിയുടെ തട്ടിപ്പാണ്. ഈ വിവാദത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന കണ്ടെത്തലുകള്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പാര്‍ട്ടിയുടെ 81 അക്കൗണ്ടുകള്‍, അതിലേക്ക് പണം വന്നവഴി, അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച പണം എന്തൊക്കെ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചു എന്നൊക്കെയാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം. ഇഡിക്കു പുറമെ ആദായ നികുതി ഉദ്യോഗസ്ഥരും പിടിമുറുക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വന്ന് പടിവാതില്ക്കല് എത്തിനില്‍ക്കുന്ന ഈ ഘട്ടത്തില്‍ ഇഡിയും മറ്റും നടത്തുന്ന അന്വേഷണവും നേതാക്കളെ നിരന്തരമായി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതും സിപിഎമ്മിനെ ആകെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
99 ശതമാനവും വെളിപ്പടുത്താത്ത സ്വത്ത് പാര്ട്ടിക്കുണ്ടെന്നുളള കണ്ടെത്തലും ഊരാക്കുടുക്കാവും
പാര്‍ട്ടി അക്കൗണ്ടുകള്‍ വഴി അസ്വാഭാവിക ഇടപാടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. 99 ശതമാനവും വെളിപ്പടുത്താത്ത സ്വത്ത് പാര്ട്ടിക്കുണ്ടെന്നുളള കണ്ടെത്തലും ഊരാക്കുടുക്കാവും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഏജന്‍സികളുടെ നീക്കമെന്നുള്ള ആരോപണം ശക്തിപ്പെടുത്താനാണ് പാര്‍ട്ടി തീരുമാനം. കരിവന്നൂരിലേക്ക് ഇഡിയെ ക്ഷണിച്ചുവരുത്തിയത് സിപിഎമ്മാണ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
‘സംഘപരിവാറിന്റെ ലക്ഷ്യം മുസ്ലിങ്ങൾ മാത്രമല്ല’
ബാങ്കില്‍ നടന്ന തട്ടിപ്പ് അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല, പാര്‍ട്ടി ഉന്നതരുടെ നിയന്ത്രത്തിലാണ് ബാങ്കില്‍ വായ്പകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും, തട്ടിപ്പിന് സിപിഎം നേതാക്കള്‍ നേരിട്ട് നേതൃത്വം വഹിച്ചു, തുടങ്ങിയ ആരോപണങ്ങള്‍ വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. അഞ്ചു കോടി ഒരു അക്കൗണ്ടില്‍ മാത്രം എവിടെ നിന്നും ഒഴുകിയെത്തിയന്നത് വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ പറ്റിയില്ലെങ്കില്‍ അതു കൂടുതല്‍ കുരുക്കായി മാറും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷവും ഇഡി നടപടികളുമായി മുന്നോട്ടേക്ക് പോവേണ്ടിവരും.
ഹീനമായ രീതിയിലാണ് കേന്ദ്ര ഏജന്‍സികള്‍ ഇടപെടുന്നതെന്നും, നാട്ടുകാര്‍ പാര്‍ട്ടിക്ക് വോട്ടുമാത്രമല്ല നല്‍കുന്നതെന്നും, അവര്‍ ധാരാളം പണവും നല്‍കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാട്ടുകാര്‍ തന്ന പണമാണ് ബാങ്ക് അക്കൗണ്ടിലുള്ളതെന്നും ആ അക്കൗണ്ട് മരവിപ്പിച്ചത് തെറ്റാണെന്നും മുഖ്യമന്ത്രി ന്യായീകരിക്കുന്നുണ്ട്.
എന്നാല്‍ പാര്‍ട്ടിയുടെ അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ ഈ അഞ്ചുകോടി നിക്ഷേപമുള്ള അക്കൗണ്ടിന്റെ വിവരം എന്തുകൊണ്ട് മറച്ചുവെന്നുവെന്നതിന് പാര്‍ട്ടി വ്യകതമായ മറുപടി പറഞ്ഞിട്ടില്ല. അതിനു പകരം ബിജെപി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള നീക്കമാണ് ഈ ഏജന്‍സികള്‍ നടത്തുന്നതെന്നുമാത്രമാണ് സിപിഎം നേതാക്കള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത്.