മലയാള സിനിമയുടെ അമ്മയായിരുന്നു ഇന്ന് അരങ്ങൊഴിഞ്ഞ കവിയൂര്‍ പൊന്നമ്മ. ആറ് പതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയില്‍ ഉജ്വലമായ അമ്മ കഥാപാത്രങ്ങളെ നല്കി മലയാളി പ്രേക്ഷകരുടെ വീട്ടുകാരിയും അമ്മയുമായി മാറിയ ചലച്ചിത്ര താരമായിരുന്നു കവിയൂര്‍ പൊന്നമ്മ. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി അമ്മ വേഷങ്ങളാണ് പൊന്നമ്മ ആടിതീര്‍ത്തത്. ഓരോ മലയാളികളുടെയും അമ്മ സങ്കല്‍പ്പങ്ങള്‍ക്ക് പൂര്‍ണത ഉണ്ടാക്കിയ അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ.
ഗായികയായി കലാരംഗത്തെത്തിയ പൊന്നമ്മ പിന്നീട് നായികയായി. ചെറുപ്പത്തില്‍ തന്നെ അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്നു. ശ്രീരാമ പട്ടാഭിഷേകത്തില്‍ മണ്ഡോദരിയായി രംഗത്തെത്തിയ പൊന്നമ്മയെന്ന അഭിനേത്രി 2022 ല്‍ കണ്ണാടിയെന്ന ചിത്രത്തില്‍ വരെ നിരവധി വേഷങ്ങള്‍…
ഗിരീഷ് പുത്തഞ്ചേരിയുടെ തിരക്കഥയില്‍ ഷാജൂണ്‍ കാര്യല്‍ സംവിധാനം ചെയ്ത വടക്കുംനാഥനിലെ രുഗ്മാവതിയമ്മ. പ്രിയദര്ശന് സംവിധാനം നിര്‍വ്വഹിച്ച കാക്കക്കുയിലിലെ സേതുലക്ഷ്മീഭായി തമ്പുരാട്ടി, രജ്ഞിത്ത് സംവിധാനം ചെയ്ത നന്ദനത്തിലെ ഉണ്ണിയമ്മ, ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീടിലെ ലക്ഷ്മി., തേന്മാവിന് കൊമ്പത്ത് എന്ന ചിത്രത്തിലെ യശോദാമ്മ, വിയറ്റ്നാം കോളനിയിലെ പാര്വ്വതിയമ്മാള് ചെങ്കോലിലെ സേതുമാധവന്റെ അമ്മ. വാല്‍സല്യത്തിലെ ജാനകിയമ്മ, ഉള്ളടക്കത്തിലെ സണ്ണിയുടെ അമ്മ, കിഴക്കുണരും പക്ഷിയിലെ അനന്തുവിന്റെ അമ്മ, പൂക്കാലം വരവായി എന്ന ചിത്രത്തിലെ നന്ദന്റെ അമ്മ കാട്ടുകുതിരയിലെ മങ്ക, കുറുപ്പിന്റെ കണക്കു പുസ്തകത്തിലെ ബാലചന്ദ്രന്റെ അമ്മ, പത്മരാജന് ഒരുക്കിയ തിങ്കളാഴ്ചയിലെ ജാനകിക്കുട്ടി അടൂരിന്റെ കൊടിയേറ്റത്തിലെ കമലമ്മ, തുടങ്ങി എത്രയെത്ര അമ്മ വേഷങ്ങള്‍. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും അമ്മയായി എത്രയെത്ര സിനിമകള്‍. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അമ്മയായി കവിയൂര്‍ പൊന്നമ്മ വരുമ്പോള്‍ ആ കഥാപാത്രം പൂര്‍ണതയിലേക്കെത്തുന്ന അപൂര്‍വ്വ കോമ്പോയായിരുന്നു അത് . പ്രേക്ഷകരും ഏറെ സ്വീകരിച്ച അമ്മ വേഷം മോഹന്‍ലാലിന്റെ അമ്മയുടേതായിരുന്നു.
ജെ. ശശികുമാര്‍ സംവിധാനം ചെയ്ത കുടുംബിനി എന്ന സിനിമയിലൂടെയാണ് അവര്‍ ചലച്ചിത്ര രംഗത്തെത്തുന്നത് ആദ്യ ചിത്രത്തില്‍ ഷീലയുടെ അമ്മയായി അഭിനയരംഗത്തെത്തിയ ഇവര്‍ പിന്നീട് ധാരാളം അമ്മ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടന്മാരുടെയും അമ്മയായി കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റെ അമ്മയായുള്ള വേഷങ്ങളായിരുന്നു ഏറെയും ശ്രദ്ധിക്കപ്പെട്ടത്. സിനിമാ നിര്‍മ്മാതാവായിരുന്ന മണിസ്വാമിയാണ് പൊന്നമ്മയുടെ ഭര്‍ത്താവ്. ഒരു മകളുണ്ട്.
പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനനം. മലയാളിക്ക് ഒരു അമ്മയെ സമ്മാനിച്ച ഗ്രാമമായിരുന്നു കവിയൂര്‍. പൊന്നമ്മയുടെ കുട്ടിക്കാലം പൊന്‍കുന്നത്തായിരുന്നു. പിന്നീട് എല്‍.പി.ആര്. വര്‍മ്മയുടേ കീഴില്‍ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരിയിലേക്ക് പോയി. വെച്ചൂര്‍ എസ് ഹരിഹരസുബ്രഹ്മണ്യഅയ്യരുടെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്. പതിനാലാമത്തെ വയസ്സില്‍ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആര്‍ട്ട്സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തേക്കുള്ള പ്രവേശനം. പ്രമുഖ നാടക സംഘമായ കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. തോപ്പില്‍ ഭാസിയാണ് പൊന്നമ്മ അഭിനയകലയുടെ ഗുരുവായിക്കാണുന്നത്.
തന്റെ ആദ്യ നായികാ ചിത്രമായ റോസിയുടെ നിര്‍മ്മാതാവായ മണിസ്വാമി സെറ്റില്‍ വെച്ചാണ് ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. പക്ഷേ ആ ബന്ധം നിരാശാജനകമായിരുന്നു. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂര്‍ രേണുക പൊന്നമ്മയുടെ സഹോദരിയാണ്. കവിയൂര്‍ പൊന്നമ്മ ഇപ്പോള്‍ താമസിക്കുന്നത് ആലുവായ്ക്കു സമീപം പുഴയോരത്തു നിര്‍മ്മിച്ചിരിക്കുന്ന ശ്രീപാദം എന്ന ഭവനത്തിലാണ്. കഴിഞ്ഞ പ്രളയകാലത്ത് അവര്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ ആദ്യനില പൂര്‍ണ്ണമായും പ്രളയജലത്തില്‍ മുങ്ങിപ്പോയിരുന്നു.
1962 ല്‍ ആണ് ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയില്‍ ആദ്യമായി ക്യാമറക്കു മുമ്പില്‍ എത്തുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരന് നായരെത്തിയപ്പോള്‍ സുന്ദരിയായ മണ്ഡോദരിയാവാന് ചരിത്ര നിയോഗം കവിയൂര്‍ പൊന്നമ്മക്കായിരുന്നു. വേഷം കെട്ടി വരാന്‍ ആവശ്യപ്പെട്ടു, വന്നു അത്രമാത്രമായിരുന്നു ആ അഭിനയം. തൊമ്മന്റെ മക്കള്‍ (1965) എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തില്‍ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1973 ല്‍ പെരിയാര്‍ എന്ന ചിത്രത്തില്‍ മകനായി അഭിനയിച്ച തിലകന് പില്ക്കാലത്ത് കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ് എന്ന നിലക്ക് നല്ല ജോടി ആയി ഖ്യാതി നേടി. 1965 ലെ തന്നെ ഓടയില്‍നിന്നില്‍ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമുള്‍പ്പടെയുള്ള രംഗങ്ങളില്‍ നമുക്ക് കവിയൂര്‍ പൊന്നമ്മയെ കാണാം. ആ വര്‍ഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് പൊന്നമ്മയെന്ന അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയായായിരുന്നു. 1974 ല്‍ റിലീസ് ചെയ്ത നെല്ല് എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളില്‍ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.
1971,72,73,94 എന്നീ വര്‍ഷങ്ങളില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡുകള്‍ നാലുതവണ കവിയൂര്‍ പൊന്നമ്മയെ തേടിയെത്തിയിരുന്നു. തീര്‍ഥയാത്രയിലെ അഭിനയത്തിന് 1972 ല്‍ അവാര്‍ഡ് ലഭിക്കുമ്പോള്‍ തന്നെ അതിലെ പ്രശസ്തമായ ‘അംബികേ ജഗദംബികേ’ എന്ന ഭക്തിഗാനം ആലപിക്കാനുള്ള നിയോഗവും പൊന്നമ്മയ്ക്കുണ്ടായി. പൊന്നമ്മയിലെ ഗായികയുടെ ശബ്ദമാധുര്യം എന്നും ഒരു സാക്ഷ്യമായി അവേശേഷിക്കുന്നു.പൂക്കാരാ പൂതരുമോ, വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാന്‍ എന്നീ പ്രശസ്ത നാടകഗാനങ്ങളും കവിയൂര്‍ പൊന്നമ്മയുടെ മധുരശബ്ദത്തില്‍ നമുക്ക് കാലമേറെ പിന്നിട്ടാലും ആസ്വദിക്കാം.
അതേ മലയാളകളുടെ മനസില്‍ എന്നും സ്നേഹവും അനുകമ്പയും വാരിവിതറിയ ഈ അമ്മയെ യാത്രയക്കുകയാണ് കലാലോകം…. സിനിമയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച ആ മഹതി ചമയങ്ങള്‍ അഴിച്ചുവച്ചിരിക്കയാണ്. ചമയങ്ങളില്ലാത്തൊരു ലോകത്തേക്കുള്ള യാത്രയ്ക്കായി.