ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി ലോക്സഭാ മുന്‍ എം.പിയും മുതിര്‍ന്ന നേതാവുമായ രമേഷ് ബിധുരിയായിരിക്കുമെന്ന്അരവിന്ദ് കെജ്രിവാള്. കെജ്രിവാളിന്റെ പ്രസ്താവനയ്ക്കു പിന്നാലെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി.ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കെജ്രിവാളിന് എങ്ങനെ കഴിയുമെന്ന് അദ്ദേഹം. ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെജ്രിവാളിന്റെ ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ കുറിച്ചുള്ള പരാമര്‍ശം.
ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി രമേഷ് ബിധുരിയെ വരുന്ന ഒന്നോ രണ്ടോ ദിവസത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ബി.ജെ.പിയുടെ മുഖ്യമന്ത്രിമുഖമായതില്‍ അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു, കെജ്രിവാള് പറഞ്ഞു. എം.പിയായിരിക്കെ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്ന് രമേഷ് പറയണമെന്നും ഡല്‍ഹിക്കായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്താണെന്നും കെജ്രിവാള് ചോദിച്ചു. രമേഷ് ബിധുരിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം, ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാര്ഥിയും എ.എ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്പില് സംവാദം നടത്തണമെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
കെജ്രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ തിരിച്ചടിച്ച അമിത് ഷാ ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ കെജ്രിവാളിന് എങ്ങനെ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് ചോദ്യം ഉന്നയിച്ചു. കോണ്‍ഗ്രസിനും എ.എ.പിയ്ക്കും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി ഒന്നും ചെയ്യാന്‍ കഴിയില്ലയെന്നും വോട്ട് ബാങ്കിനു വേണ്ടിയാണ് അവര്‍ ദിവസവും വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നതും ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് ശേഷം പാവപ്പെട്ടവര്‍ക്കായുള്ള ഒരു ക്ഷേമപദ്ധതിയും നിലച്ചുപോകില്ല എന്നും അമിത് ഷാ പറഞ്ഞു.
മുന്‍പ് സൗത്ത് ഡല്‍ഹിയെ പ്രതിനിധീകരിച്ചിരുന്ന രമേഷ് ബിധുരി, ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.