ന്യൂഡല്‍ഹി: വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിഞ്ഞവരാണ് മലയാളികളെന്ന് കേരള മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം കേരളത്തിനുണ്ട്. ഈ ബന്ധം ജീവിതകാലം മുഴുവന്‍ തുടരുമെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. കേരള ഹൗസില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് അദ്ദേഹം ജീവനക്കാരുമായി ഫോട്ടോ സെഷന് നടത്തി. കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഗവര്‍ണറെ കണ്ട് യാത്ര പറഞ്ഞു.
വിദ്യാഭ്യാസം നല്കാന് വീട് വിറ്റും അത് ഉറപ്പാക്കുന്ന സമൂഹമാണ് കേരളം. കേരളം എന്നും രാജ്യത്തിന് പ്രചോദനമാകണമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. എല്ലാ മലയാളികള്‍ക്കും ഗവര്‍ണര്‍ ആശംസകളും നേര്‍ന്നു. ആരിഫ് മുഹമ്മദ് ഖാന് ബിഹാറിലേക്കാണ് മാറ്റം ലഭിച്ചിരിക്കുന്നത്. ഗോവ ഗവര്‍ണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ ജനുവരി രണ്ടിന് സത്യപ്രതിജ്ഞ ചെയ്യും.