കൊച്ചി: സംസ്ഥാനത്ത് പ്രളയഭീഷണി വർധിച്ചതായി പഠനം. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലാണ് കണ്ടെത്തൽ. കേരളം പ്രളയത്തിൻറെ അതീവ ഗുരുതര വിഭാഗത്തിൽപ്പെട്ട ഏക സംസ്ഥാനമാണെന്നാണ് പഠനത്തിന്റെ നിഗമനം. രാജ്യത്തെ തീരദേശ പ്രദേശങ്ങളുടെ കാലാവസ്ഥാ ദൗർലഭ്യം വിലയിരുത്തുന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ.
കേരളത്തിൽ പ്രളയഭീഷണി വർധിക്കാൻ ഉണ്ടായ പ്രധാന കാരണങ്ങളായി പറയുന്നത് കേരള തീരത്ത് സമുദ്രനിരപ്പ് ഉയരുന്നതും ഭൂപ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളുമാണ്. എന്നാൽ, ചുഴലിക്കാറ്റ്, ഉഷ്ണതരംഗം എന്നിവയുടെ തീവ്രത കേരളത്തിൽ താരതമ്യേന കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.
എന്നാൽ, കാസർഗോഡ്, കണ്ണൂർ, മലപ്പുറം എന്നിവയുൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ കടൽനിരപ്പ് ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. കോഴിക്കോട് ഉയർന്ന തീവ്രത വിഭാഗത്തിലുള്ള ജില്ലയാണ്. ഐപിസിസി-6 അന്താരാഷ്ട്ര കാലാവസ്ഥാ പഠനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ പുതിയ പഠനം.