നമ്മുടെ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്. ഒരു വകുപ്പിനെയും ആ വകുപ്പിന്റെ മന്ത്രിയെയും ഒരു വനിത വരുതിയിലാക്കിയിരിക്കുന്നുവെന്ന് ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ കൂടി പുറത്തേക്ക് വരികയാണ്.
വനംവകുപ്പിലെ ജീവനക്കാരിയോട് അശ്ലീലസംഭാഷണം നടത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ ഇതുവരെയും വനംമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. വനംവകുപ്പിലാണ് ഉദ്യോഗസ്ഥരുടെ ഏറ്റമുട്ടലിനെത്തുടർന്ന് അശ്ലീല സംഭാഷണ ആരോപണം ഉയർന്നിരിക്കുന്നത്. സംഭവങ്ങളുടെ തുടർച്ചയായി ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒ രഞ്ജിത്ത് കുമാറിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
വനിതാ കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് രജ്ഞിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. വകുപ്പിലെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാകമ്മിഷൻ നടപടിക്ക് ശുപാർശ നൽകിയത്. രഞ്ജിത് കുമാർ ജീവനക്കാരിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി.
ജീവനക്കാരിക്കെതിരെ ജാതി അധിക്ഷേപ പരാതി ഉയരുകയും ആരോപണം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് കള്ളക്കേസ് ചമച്ചുവെന്ന ആരോപണവുമായി ജീവനക്കാരി വനിതാ കമ്മിഷനെ സമീപിച്ചത്.
അന്വേഷണത്തിനും ഹിയറിങ്ങിനും ശേഷമാണ് വനിതാ കമ്മിഷൻ ഡിഎഫ്ഒയ്ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. ഡിഎഫ് ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നായിരുന്നു കഴിഞ്ഞ ഡിസംബറിൽ നൽകിയ ശുപാർശ. എന്നാൽ, ഇത് നടപ്പാകാതെ വന്നതോടെ ജീവനക്കാരിയും മാതാവും വനംമന്ത്രിക്ക് പരാതി നൽകി. തുടർന്നാണ് മൂന്ന് ഉദ്യോഗസ്ഥരിൽ ഒരാൾക്കെതിരെ വകുപ്പുതല നടപടിയെടുത്തത്.
സസ്പെൻഷന് പിന്നാലെയാണ് അശ്ലീലശബ്ദരേഖാ വിവാദം ഉടലെടുക്കുന്നത്. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടില്ലെന്നാണ് ജീവനക്കാരിയുടെ വിശദീകരണം. തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുകയാണന്നും അവർ പറയുന്നു. താൻ ഇത്തരത്തിലൊരു സംഭാഷണവും റെക്കോർഡ് ചെയ്തിട്ടില്ല.
മന്ത്രിയുടെ ഓഫീസിലെ ആരും തന്നോട് അങ്ങനെ സംസാരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനെ തുണയ്ക്കുന്ന ലോബി തനിക്കെതിരെ പ്രവർത്തിക്കുന്നതായും അവർ തനിക്കെതിരെ നടത്തുന്ന പ്രചാരണമായിരിക്കാം അശ്ലീല സംഭാഷണ ശബ്ദരേഖയുമായി ബന്ധപ്പെട്ടുള്ളതെന്നുമണ് ജീവനക്കാരി സംശയിക്കുന്നത്.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ വനിതാ കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാരി. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നൽകുമെന്നും താൻ സർവീസിൽ കയറിയതുമുതൽ തനിക്കെതിരെ ഉദ്യോഗസ്ഥരിൽ ഒരുവിഭാഗത്തിന്റെ നീക്കം നടക്കുന്നതായും അവർ ആരോപിക്കുന്നു.
യുവതി ഇങ്ങനെ പറയുമ്പോഴും വസ്തുത മറ്റൊന്നാണെന്ന ചർച്ചകളും വനം വകുപ്പിൽ നടക്കുന്നുണ്ട്. അശ്ലീലസംഭാഷണ ശബ്ദരേഖ ഉണ്ടെന്ന് അവകാശപ്പെട്ട് ജീവനക്കാരി മന്ത്രിയുടെ ഓഫീസിനെ സമ്മർദത്തിലാക്കി സ്ഥലംമാറ്റം നേടിയെന്നും ചില ഉദ്യോഗസ്ഥർക്ക് അനുകൂലവും പ്രതികൂലവുമായി നടപടി എടുപ്പിച്ചുവെന്നുമാണ് ആരോപണം.
മന്ത്രിയുടെ ഓഫീസിലെ മൂന്ന് ജീവനക്കാരുടെ പ്രവർത്തനം ദുരൂഹമാണെന്നും അന്വേഷണം വേണമെന്നും ഇന്റലിജന്റ്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരിയെക്കുറിച്ച് നേരത്തേ ഉയർന്ന പരാതി അന്വേഷിച്ച ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത് വകുപ്പിൽ വലിയ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ആദ്യം ഇദ്ദേഹത്തെ സ്ഥലംമാറ്റിയിരുന്നു. അത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതോടെയാണ് സസ്പെൻഡ് ചെയ്തത്. മന്ത്രി ഓഫീസിലെ ചിലരുടെ സമ്മർദമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. നിയമനടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥന്റെ തീരുമാനം.
കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്ത മറ്റൊരു ഉദ്യോഗസ്ഥനെ സമ്മർദത്തിന്റെ ഭാഗമായി അതേ ജില്ലയിൽത്തന്നെ നിയമിച്ചിരുന്നു. ഇതിനുപുറമേ ഇദ്ദേഹത്തിന് നേരത്തേ ജോലിചെയ്തിരുന്ന സ്ഥലത്ത് അധികച്ചുമതല നൽകാനും കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പോലീസ് വിജിലൻസ് കത്ത് നൽകിയിരുന്നു. ഇത് മുൻനിർത്തി ഉത്തരവ് നടപ്പാക്കരുതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയും നിർദേശം നൽകിയിട്ടുണ്ട്. ഇപ്പോഴിതാ ജീവനക്കാരിയുമായുള്ള അശ്ലീലസംഭാഷണ വിവാദത്തിൽ മന്ത്രിയുടെ ഓഫീസിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരിക്കുകയാണ്.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കാര്യങ്ങൾ വാക്കാൽ വിശദീകരിച്ചു. സംഭവത്തിൽ ഇന്റലിജന്റ്സ് വിഭാഗം കൂടുതൽ വിവരം ശേഖരിച്ചുതുടങ്ങി. സിപിഎം സംസ്ഥാനസമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം മന്ത്രി അദ്ദേഹത്തോട് കാര്യം വിശദീകരിച്ചേക്കും. നേരത്തെ എ കെ ശശീന്ദ്രൻ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് വനിതയോട് ഫോണിൽ ‘പൂച്ചക്കുട്ടി’ എന്ന് അഭിസംബോധന ചെയ്ത് അശ്ലീല സംഭാഷണം നടത്തി, രാജിവെക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു.
സംസ്ഥാനത്ത് വന്യജീവി അതിക്രമങ്ങൾ വർധിച്ചു വരുമ്പോഴാണ് ഇത്തരത്തിലുള്ള വിവാദങ്ങളിൽ വനം മന്ത്രിയുടെ ഓഫീസ് പെടുന്നത്. വന്യജീവി ആക്രമണങ്ങളിൽ സർക്കാരിനും വനം വകുപ്പിനും യാതൊരു ഉത്തരവാദിത്തവുമില്ല. ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ നടക്കുമ്പോൾ ഉന്നതല യോഗം കൂടുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. ചിലപ്പോഴാകട്ടെ നഷ്ടപരിഹാരവും നൽകുന്നു. ഇതിനപ്പുറത്തേക്ക് ക്രിയാത്മക പരിഹാരമാർഗ്ഗങ്ങൾ ഒന്നും തന്നെ സർക്കാരിനില്ല.
വന്യ ജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്ന ഈ സാഹചര്യത്തിൽ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാൻ വനംമന്ത്രി തയ്യാറാവണമെന്നാണ് എല്ലാ കോണുകളിൽ നിന്നും ഉയരുന്ന അഭിപ്രായം. വന്യജീവി ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ സർക്കാരും വനംമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും എവിടെപ്പോയെന്ന് ചോദ്യങ്ങൾ ഉയരുന്നതിന് ഇടയിലാണ് ഇത്തരത്തിലുള്ള അശ്ലീല വിവാദങ്ങൾ കത്തിക്കയറുന്നത്.