കൊച്ചി: ഡി.ജെ. പാര്‍ട്ടിക്കായി മയക്കുമരുന്നെത്തിച്ച ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലായി. കൊല്ലം സ്വദേശിനി സുജിമോള്‍, കലൂര്‍ സ്വദേശി ജിനദേവ്, പള്ളുരുത്തി സ്വദേശികളായ ഹയാസ്, അരുണ്‍ എന്നിവരെയാണ് എക്സൈസിന്റെ ജില്ലാ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
ഞായറാഴ്ച രാവിലെ 10 മുതല്‍ നൂറോളം പേരെ പങ്കെടുപ്പിച്ചാണ് അത്താണിയിലെ ഹോട്ടലില്‍ പാര്‍ട്ടി നടത്തിവന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് രാവിലെ മുതല്‍തന്നെ എക്സൈസ് സംഘം ഹോട്ടല്‍ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി മയക്കുമരുന്നുമായി കാറില്‍ എത്തിയപ്പോഴാണ് നാലംഗ സംഘത്തെ പിടികൂടിയത്.എം.ഡി.എം.എ. ഗുളികകള്‍, കഞ്ചാവ്, ഹാഷിഷ് എന്നിവയാണ് ഇവരില്‍നിന്നും കണ്ടെടുത്തത്. എക്സൈസ് റെയ്ഡ് നടത്തിയതറിഞ്ഞ് പിന്നാലെ പൊലീസ് സംഘമെത്തി. ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തവര്ക്കിടയില് പരിശോധന നടത്തി.