കൊല്ലം: കെ.എസ്.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഒരു ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടു. കൊല്ലം നിലമേലിൽ ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് മൂന്നിനായിരുന്നു അപകടം.അമിതവേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ അൽപദൂരം മുന്നോട്ട് പോയതിന് ശേഷമാണ് ബസ് നിൽക്കുന്നത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിന്റെ മുൻസീറ്റിലുണ്ടായിരുന്ന രണ്ട് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പിൻസീറ്റിലുണ്ടായിരുന്നവരുടെ നില ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം.കെ.എസ്.ആർ.ടി.സി. ബസിന് പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ട മൂന്നാമത്തെ വാഹനം. അപകടത്തിൽ ഓട്ടോ ബസ്സിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറുടെ കാലിന് പൊട്ടലുണ്ട്. ഒരു അമ്മയും കൈക്കുഞ്ഞും ഓട്ടോയിലുണ്ടായിരുന്നു. ഇവർക്കും പരിക്കുകളുണ്ട്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.കെ.എസ്.ആർ.ടി.സി ബസ്സിന്റെ അമിതവേഗവും അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കെ.എസ്.ആർ.ടി.സി ഡ്രൈവറെ നിലവിൽ ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയേക്കും.