കൂറുമാറ്റത്തിനായി തോമസ് കെ തോമസ് തനിക്ക് 50 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ. ഇക്കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നെന്നും എന്നാല്‍ താന്‍ നിഷേധിച്ചെന്നും കോവൂര്‍ കുഞ്ഞുമോന് പ്രതികരിച്ചു. ആരോപണം സമഗ്രമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാഗ്ദാനങ്ങളില്‍ താന്‍ വീഴില്ല. യുഡിഎഫിനൊപ്പം പോയെങ്കില്‍ മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ തനിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ ചെങ്കൊടി പിടിച്ചാണ് ജീവിതമെന്നും കോവൂര്‍ കുഞ്ഞുമോന് പറഞ്ഞു.
അതേസമയം, കോഴയാരോപണം ഗൗരവതരമാണെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐ ആവശ്യപ്പെട്ടു. കാളച്ചന്തയിലെ കാളകളെ പോലെ എംഎല്‍എമാരെ വിലയ്ക്കെടുക്കുന്നത് അപമാനകരമാണ്. വസ്തുതയുണ്ടെങ്കില്‍ ആരോപണവിധേയര്‍ക്ക് എല്‍ഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.