തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ദ്രോഹ നടപടികള്‍ക്കെതിരെയും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി പറഞ്ഞു.ബ്ലു സാമ്പത്തിക നയത്തിന്റെ പേരുപറഞ്ഞ് കടല്‍ മണല്‍ ഖനനത്തിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം മത്സ്യമേഖലയുടെ മരണമണിയാണ്.
മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതും കടലിന്റെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുമായ കടല്‍ മണല്‍ ഖനനത്തിന് ഒരു സ്ഥാപനങ്ങളെയും കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്നും അദ്ധേഹം കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. തീരദേശമേഖലയ്ക്ക് പ്രത്യേക പാക്കേജിന് 6000 കോടി പ്രഖ്യാപിച്ചിട്ട് ഒന്നര വര്‍ഷമായി, എന്നാൽ നാളിതുവരെ ഒരു രൂപപോലും ചെലവാക്കിയില്ല. പുതിയ ബജറ്റിലും നിരാശമാത്രമാണ്. മത്സ്യത്തൊഴിലാളികൾക്ക് അർഹമായ പട്ടയം വിതരണം ചെയ്യുന്നില്ല, മത്സ്യബന്ധനത്തിനുള്ള സബ്സിഡി മണ്ണെണ്ണ ആവശ്യത്തിന് വിതരണം ചെയ്യുന്നില്ല, കടല്‍ക്ഷോഭ മേഖലയില്‍ ശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണം നടക്കുന്നില്ലെന്നും കെ.സുധാകരന് വ്യക്തമാക്കി.