ചെറിയൊരു ഇടവേളക്ക് ശേഷം മണിപ്പൂർ വീണ്ടും സംഘർഷ ഭൂമിയാവുന്നു. കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കുക്കി വിഭാഗം സായുധര്‍ എന്ന് സംശയിക്കുന്ന 11 പേർ കൊല്ലപ്പെട്ടു. അസമിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ജിരിബാം ജില്ലയിലാണ് സംഭവം. ഈ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് പരിക്കേറ്റു.
സായുധ സംഘങ്ങൾ ബോറോബെക്ര പൊലീസ് സ്റ്റേഷനും സമീപത്തെ ക്യാമ്പും അക്രമിച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരിച്ചു പോരാട്ടം നടത്തി. ഈ സ്റ്റേഷനെ പലതവണയായി കുകികൾ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്റ്റേഷൻ ആക്രമിച്ചതിന് ശേഷം, ആയുധധാരികൾ തൊട്ടടുത്ത് വീടുകളുള്ള പ്രദേശത്തേക്ക് നീങ്ങുകയും, അവയ്ക്ക് തീയിടാൻ തുടങ്ങുകയും ചെയ്തു. അതോടെ സൈന്യവുമായി വെടിവെയ്പ്പുണ്ടായി. ഇതിനെ തുടർന്ന് മണിപ്പൂർ സർക്കാർ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി . ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് ഈ നടപടി സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ജിരിബാം ജില്ലയിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ, പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ് . ഹമർ ഗോത്രവർഗ്ഗത്തില്‍പ്പെട്ട ഒരു സ്ത്രീയെ മെയ്തേയ് കലാപകാരികൾ കൊലപ്പെടുത്തിയതോടെയാണ് തുടക്കം. ശേഷം മെയ്തേയ് സമുദായത്തിൽപ്പെട്ട ഒരു സ്ത്രീയെ കുകി വിഭാഗം വെടിവെച്ച് കൊന്നിരുന്നു. ഇതോടെ പ്രദേശം വീണ്ടും ഭീതിയുടെ മുൾമുനയിലായി .
മണിപ്പുർ കലാപം ആളിക്കത്തിക്കാൻ മുഖ്യമന്ത്രി ബിരേൻ സിങ് ശ്രമിച്ചതിന്റെ തെളിവ് പരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതിയിൽ പരിഗണിക്കവെ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ കള്ളം പറഞ്ഞതായി ആക്ഷേപം ഉയർന്നു. കുക്കി വിഭാഗക്കാരായ 10 എംഎൽഎമാരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ബിരേൻ സിങ്ങിന്റെ പങ്ക് വ്യക്തമാക്കുന്ന ഫോൺ സംഭാഷണങ്ങൾ പരിശോധിക്കണമെന്ന് കുക്കി സംഘടനകൾക്കുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു.
അക്രമികളെ സംരക്ഷിക്കാനും ആയുധവും പണവും നൽകാനും ബിരേൻ സിങ് മുൻകൈയെടുത്തതിന്റെ തെളിവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, സംഘർഷം ശാന്തമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത അവകാശപ്പെട്ടു. മുഖ്യമന്ത്രിയായ ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് ഇത് വരെ നടപടി എടുത്തിട്ടില്ല .
കഴിഞ്ഞ ഒന്നര വർഷമായി മണിപ്പൂരിൽ സംഘർഷം തുടരുകയാണ്, മെയ്തേയ് വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകിയ ഹൈക്കോടതി വിധിക്ക് പിന്നാലെ 2023 മെയ് മൂന്നിന് കലാപമാരംഭിച്ചത്. ധാരാളം ആളുകൾ കൊല്ലപ്പെടുകയും വീടും നാടും നഷ്ടമാവുകയും ചെയിതിട്ടുണ്ട്.