കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരം മുന്നാം റൗണ്ട് പോരാട്ടത്തിന് കുവൈത്ത് തയാറെടുപ്പ് ആരംഭിച്ചു. പുതിയ കോച്ച് ജുവാൻ അന്റ്റോണിയോ പിസിയുടെ നേതൃത്വത്തിൽ യു.എ.ഇയിൽ കഠിന പരിശീലനത്തിലാണ് ടീം. ഗ്രൂപ് ബിയിൽ ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് മൂന്നാം റൗണ്ടിൽ കുവൈത്ത്.
അടുത്ത മാസം അഞ്ചിന് ജോർഡനുമായുള്ള മത്സരത്തോടെ കുവൈത്തിന്റെ മൂന്നാം റൗണ്ട് പോരാട്ടങ്ങൾക്ക് തുടക്കമാകും. ഒക്ടോബറിൽ ഇറാഖുമായും, ഒമാനുമായും, ഫലസ്തീനുമായും കുവൈത്ത് ഏറ്റുമുട്ടും. നവംബറിൽ ദക്ഷിണ കൊറിയ, ജോർഡൻ എന്നിവയുമായും മത്സരമുണ്ട്.
2025 മാർച്ചിൽ ഇറാഖ്, ഒമാൻ എന്നീ രാജ്യങ്ങളുമായും ജൂണിൽ ഫലസ്തീൻ, ദക്ഷിണ കൊറിയ എന്നിവയുമായും ഏറ്റുമുട്ടും.ലോകകപ്പ് യോഗ്യതക്കായുള്ള മൂന്നാം റൗണ്ട് പോരാട്ടത്തിൽ ഗ്രൂപ്പിലെ ആറു ടീമുകളും ഹോം ആൻഡ് എവേ മത്സരങ്ങളിലായി പരസ്പരം ഏറ്റുമുട്ടുന്നതിൽ ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും.
ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ ടീമുകൾ കുവൈത്തിന് വെല്ലുവിളി ഉയർത്താൻ കഴിയുന്ന ശക്തരാണ്. ഒമാനും ഫലസ്തീനും തങ്ങളുടേതായ ദിനത്തിൽ ആരെയും അട്ടിമറിക്കാൻ കെൽപ്പുള്ള ടീമുകളുമാണ്. എന്നാൽ, ഇവയെ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്.
ഇതിനിടയിൽ ഏഷ്യകപ്പും അറബ് കപ്പും നടക്കാനിരിക്കെ തിരക്കേറിയ സീസണിലേക്കാണ് ദേശീയ ടീം പ്രവേശിക്കുന്നതും. ജോർഡനെതിരെ ജയത്തോടെ തുടങ്ങി ആത്മവിശ്വാസം നേടാനാണ് കുവൈത്തിന്റെ ശ്രമം. ഇതിനായുള്ള തന്ത്രങ്ങൾ ഒരുക്കുകയാണ് കോച്ച് ജുവാൻ അന്റോണിയോ പിസി.