കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തം വിലയിരുത്താനും ദുരന്താനന്തര പുനർനിർമാണത്തിന്റെ രൂപരേഖ തയാറാക്കാനും കേന്ദ്ര സംഘം ഇന്ന് വയനാട്ടിൽ. മുണ്ടക്കൈ, ചൂരല്‍മല ഉൾപ്പെടെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംഘം സ്ഥിതിഗതികള്‍ വിലയിരുത്തും.
17 വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. ഈ മാസം 31 വരെ വിവിധ മേഖലകൾ സന്ദർശിച്ച് സംഘം റിപ്പോർട്ട് തയാറാക്കും. വിവിധ മേഖലകളിൽ സംഭവിച്ച നാശനഷ്ടങ്ങൾ, അടിയന്തര ആവശ്യങ്ങൾ, പുനർനിർമാണം എന്നിവ സംഘം വിലയിരുത്തും. ജില്ലയിലെ ദുരിതാനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് സംസ്ഥാന സർക്കാർ രൂപീകരിച്ച സംഘവും കേന്ദ്ര സംഘത്തെ അനുഗമിക്കും.
ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ലഭിച്ച മേഖലകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുക. ഇന്നലെ നടത്തിയ തിരച്ചിലിൽ ആറ് ശരീരഭാഗങ്ങൾ കണ്ടെടുത്തിരുന്നു.
ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ഈ മാസം 29ന് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 ന് കലക്ടറേറ്റിൽ അവലോകന യോഗവും ചേരുന്നുണ്ട്.