കേരളത്തില്‍ എത്ര വഖഫ് ഭൂമികളുണ്ട് എന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി കേരള പ്രഭാരി ശ്രീ പ്രകാശ് ജാവദേക്കര്‍. വഖഫ് ബോര്‍ഡ്, എത്ര സര്‍ക്കാര്‍ ഭൂമി അവകാശപ്പെടുന്നു, എത്ര സ്വകാര്യ ഭൂമികളും, എത്ര കര്‍ഷകരുടെ ഭൂമിയും അവകാശപ്പെടുന്നു എന്നതിന്റെ വിശദാംശങ്ങളും നല്‍കണമെന്നും പാലക്കാട് പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ ജാവദേക്കര്‍ പറഞ്ഞു.
വഖഫിനെക്കുറിച്ചുള്ള നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് 15 വര്‍ഷം പഴക്കമുള്ളതാണ്, അതിനുശേഷം നിരവധി പുതിയ അവകാശവാദങ്ങള്‍ വഖഫ് ഉന്നയിച്ചിട്ടുണ്ട്. അതിനാല്‍, സര്‍ക്കാര്‍ ഏറ്റവും പുതിയ വിശദമായ പ്രസ്താവന പുറത്തിറക്കണമെന്നും ജാവദേക്കര്‍ പറഞ്ഞു.
വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുകയോ, വോട്ടുചെയ്യുകയോ ചെയ്തിട്ടില്ലെങ്കിലും യുഡിഎഫും എല്‍ഡിഎഫും ഏകകണ്ഠമായി നിയമസഭയില്‍ പ്രമേയം പാസാക്കി. വിഷയം ജെപിസിയിലാണ്. എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ ഭേദഗതികളെ എതിര്‍ക്കുകയും, വഖഫിന്റെ പക്ഷം പിടിക്കുകയും ചെയ്യുന്നു. ഒരു രാജ്യത്ത് എങ്ങനെയാണ് രണ്ട് നിയമങ്ങള്‍ ഉണ്ടാകുന്നത്? നിങ്ങള്‍ക്ക് ഒരു ക്ഷേത്രത്തെക്കുറിച്ചോ ഗുരുദ്വാരയെക്കുറിച്ചോ പള്ളിയെക്കുറിച്ചോ സ്വത്ത് തര്‍ക്കമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് കോടതികളെ സമീപിക്കാം, എന്നാല്‍ വഖഫ് ഭൂമിയെക്കുറിച്ച് തര്‍ക്കമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതികളെ സമീപിക്കാന്‍ കഴിയില്ലയെന്നും ജാവദേക്കര്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പും തീവ്രവാദികളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയവും ഇവിടെ അവസാനിക്കുന്നില്ല. ബംഗ്ലാദേശിലെ ആയിരക്കണക്കിന് ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് അവര്‍ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ലെന്നും ജാവദേക്കര്‍ പറഞ്ഞു.
കാനഡയിലെ ഒരു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അവര്‍ പ്രതികരിച്ചിട്ടില്ല. അവര്‍ പണ്ട് മദനിയെ സ്വാഗതം ചെയ്തവരാണ്. അവര്‍ സിഎഎയെ എതിര്‍ക്കുന്നു, അവര്‍ പലസ്തീന്റെ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ഇസ്രായേലിനെതിരായ ആക്രമണത്തെക്കുറിച്ചോ, ഹിസ്ബുല്ലയുടെ ആക്രമണത്തെക്കുറിച്ചോ, എല്ലായിടത്തും ഹൂതികള്‍ നടത്തുന്ന ആക്രമണത്തെക്കുറിച്ചോ പ്രതികരിച്ചിട്ടില്ലെന്നും ജാവദേക്കര്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്വഭാവം മനസ്സിലാക്കിയിട്ടുണ്ട്. ഇത് ഹിന്ദു മുസ്ലിം പ്രശ്നമല്ല എന്നതാണ് ഞങ്ങളുടെ നിലപാട്. തീവ്രനിലപാടുകാരും പൊതുസമൂഹവും തമ്മിലുള്ള പ്രശ്നമാണ്. ഇത് നിയമത്തിന്റെ ഏകപക്ഷീയതയാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പക്ഷപാതപരമായ വീക്ഷണം ആശങ്കാജനകമാണെന്നും ജാവദേക്കര്‍ പറഞ്ഞു.