കൊച്ചി: ചികിത്സയിൽ തുടരുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരത്തെ ഭയപ്പെട്ടത് പോലുള്ള സംഭവങ്ങൾ ഒന്നും ഇല്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. ശുഭകരമായ വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. ആരോഗ്യനില അപകടകരമായ അവസ്ഥ നിന്ന് തിരിച്ചു വരികയാണ്. തലക്ക് പരിക്ക് ഉള്ളതിനാൽ 24 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നും എല്ലാ വൈദ്യസഹായവും നൽകുമെന്നും വിഡി സതീശൻ കൂട്ടിചേർത്തു.
റെനൈ മെഡിസിറ്റി ആശുപത്രിയിൽ ന്യൂറോയുടെ നേതൃത്വത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. കൂടാതെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘവും എത്തും. ആവശ്യമായ എല്ലാ മെഡിക്കൽ സഹായവും ലഭ്യമാക്കും. ശുഭകരമായ വാർത്തയാണ് ലഭിക്കുന്നതെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ബിപി തുടങ്ങി മറ്റു കാര്യങ്ങളിലെല്ലാം പുരോഗമനമുണ്ട്. അതെ സമയം തലയ്ക്കുള്ള പരിക്കാണ് ഗുരുതരം. മറ്റു പ്രശ്നങ്ങളൊന്നും ഗുരുതരമല്ല.
കലൂർ സ്റ്റേഡിയത്തിൽ സുരക്ഷാവീഴ്ച്ചയുണ്ടായോ എന്ന് നാളെ പരിശോധിച്ച് പറയാം. നിലവിൽ പരിഗണിക്കേണ്ടത് ഏറ്റവും മികച്ച ചികിത്സ നൽകലാണ്. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഇവിടെയുണ്ട്. നല്ല രീതിയിൽ ശ്രദ്ധ കിട്ടുന്നുണ്ട്. ആശുപത്രി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. എല്ലാ ഡോക്ടർമാരുമായും സംസാരിച്ചുവെന്നും സതീശൻ വ്യക്തമാക്കി.