നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നിലവിലെ ഡിസിസി പ്രസിഡന്റ് സി പി മാത്യുവുമായി പോയിട്ട് കാര്യമില്ലെന്ന കണക്കുകൂട്ടലിലാണ് ഇടുക്കിയിലെ കോൺഗ്രസ്. ജില്ലയിൽ നേതൃമാറ്റ ചർച്ചകൾ മുറുകുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ വളരെ വേഗത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് നീങ്ങേണ്ടതിനാൽ നേതൃമാറ്റം അനിവാര്യം ആണെന്നാണ് സംസ്ഥാന നേതൃത്വത്വത്തിന്റെ വിലയിരുത്തൽ. പാർട്ടിയെ വാർഡ് തലങ്ങളിൽ മുതൽ ശക്തമാക്കുന്നതിനായി വിവിധ പദ്ധതികൾ സംസ്ഥാന തലത്തിൽ ആവിഷ്കരിക്കുന്നുണ്ടെങ്കിലും അവ നടപ്പിലാക്കുവാൻ ജില്ലാ നേതൃത്വത്തിന് കഴിയുന്നില്ല.
പ്രതിപക്ഷ നേതാവ് നയിച്ച മലയോര യാത്രയിൽ ജനപങ്കാളിത്തം ഉദ്ദേശിച്ചത്ര ഉണ്ടാവാത്തതും ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടായി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. ഇടുക്കി ഡിസിസി പ്രസിഡന്റിന് ആരോഗ്യ പ്രശ്നങ്ങൾ മൂലം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയില്ലെന്നും അടിയന്തിരമായി പുതിയ പ്രസിഡന്റിന് ചുമതല നൽകണമെന്നും ജില്ലയിൽ നിന്നുള്ള ഒരു വിഭാഗം നേതാക്കൾ കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും കണ്ട് അഭ്യർത്ഥിച്ചിരുന്നു. മലയോര സമര യാത്ര അവസാനിച്ചാലുടൻ തീരുമാനം ഉണ്ടാകുമെന്ന് നേതൃത്വം ഉറപ്പ് നൽകിയിരുന്നതായും പറയുന്നു. കെപിസിസി സെക്രട്ടറിമാരായ എസ് അശോകൻ, എം എൻ ഗോപി, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി എന്നിവരാണ് പ്രഥമ പരിഗണനയിലുള്ളത്.
ഡിസിസി സെക്രട്ടറി അഡ്വ.സേനാപതി വേണുവും, മുൻ യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ കെ ബി സെൽവവും ബിജോ മാണിയും പരിഗണനയിലുള്ള മറ്റ് പ്രധാനികളാണ്. യുവാക്കൾക്ക് അവസരം നൽകി പാർട്ടിയെ ശക്തമാക്കണമെന്ന് ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, റോജി എം ജോൺ തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നു. യുവാക്കളെ പരീക്ഷിക്കാൻ നേതൃത്വം തയ്യാറായാൽ കെ ബി സെൽവത്തിനോ ബിജോ മാണിക്കോ ആകും അവസരം ലഭിക്കുക. ഇരുവരും ഡീൻ കുര്യക്കോസ് നേതൃത്വം നൽകുന്ന പക്ഷത്തിന് ഒപ്പം നിൽക്കുന്നവരാണ്. എം എൻ ഗോപി മുൻപ് ഡീൻ കുര്യക്കോസിന് ഒപ്പമായിരുന്നുവെങ്കിലും കഴിഞ്ഞ പുന സംഘടനയിൽ കെ സി വേണുഗോപാൽ പക്ഷത്തേക്ക് മാറിയിരുന്നു. സമുദായിക ബാലൻസിങിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ ഈഴവ സമുദായത്തിന് പ്രാധാന്യം നൽകുന്നതിന് നേതൃത്വം താല്പര്യം കാണിക്കുന്നുണ്ട്.
എത്ര ഈഴവ ഡിസിസി പ്രസിഡന്റുമാർ ഉണ്ടെന്നും ഈഴവർക്ക് കോൺഗ്രസിൽ അവഗണനയും ഇടതുപക്ഷത്ത് പരിഗണനയുമാണ് ലഭിക്കുന്നതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമർശത്തെ ഗൗരവമായി കാണാൻ ആണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഇടുക്കി ഡിസിസി പ്രസിഡന്റ് സ്ഥാനം ആ നിലയിൽ പരിഗണിച്ചാൽ അഡ്വ സേനാപതി വേണുവോ അഡ്വ.കെ ബി സെൽവമോ പ്രസിഡന്റ് ആയെക്കാം. യൂണിയൻ ഭാരവാഹി എന്നുള്ള നിലയിൽ കെ ബി സെൽവത്തിനോടാണ് എസ്എൻഡിപി നേതൃത്വത്തിന് താല്പര്യം. മാർച്ച് ആദ്യ വാരം തന്നെ പുതിയ പ്രസിഡന്റിനെ നിയമിക്കുമെന്നതാണ് ഒടുവിൽ കിട്ടുന്ന വിവരം. അനാരോഗ്യത്തിനപ്പുറത്തേക്ക് സിപി മാത്യു പല ഘട്ടങ്ങളിലും കോൺഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുകയും ചെയ്തിരുന്നു.
സിപിഎം നേതാവ് എംഎം മണിയെ പോലെ വാവിട്ട വാക്കുകളാണ് പലപ്പോഴും സിപി മാത്യുവിൽ നിന്നും ഉണ്ടായിട്ടുള്ളത്. വ്യക്തി അധിക്ഷേപത്തിന് ഉൾപ്പെടെ പല കേസുകളും അദ്ദേഹവുമായി ബന്ധപ്പെട്ട് നിലനിൽക്കുകയും ചെയ്യുന്നുണ്ട്. വളരെ വലിയ ജില്ലയായ ഇടുക്കിയിൽ ഒരറ്റം മുതൽ മറ്റൊരറ്റം വരെ ഓടുവാൻ പോലും മാത്യുവിന് കഴിയുന്നില്ല. തെരഞ്ഞെടുപ്പുകൾക്ക് പടിവാതുക്കൽ എത്തിനിൽക്കുമ്പോൾ അനിവാര്യമായ മാറ്റം ഉടൻ വേണമെന്ന അഭിപ്രായമാണ് ജില്ലയിലെ ജനപ്രതിനിധികൾക്കും ഉള്ളത്.