തിരുവനന്തപുരം: നടന് ജയസൂര്യ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ നടി കോടതിയില്‍ രഹസ്യമൊഴി നല്കി. തിരുവനന്തപുരം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 11-ലാണ് ഹാജരായത്. കൊച്ചി സ്വദേശിയാണ് പരാതിക്കാരി.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് പരാതിയില്‍ കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിനിയായ നടിയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
ജയസൂര്യക്ക് പുറമേ മുകേഷ് എം.എല്‍.എ., ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി.എസ്. ചന്ദ്രശേഖരന്, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍ തുടങ്ങിയവര്‍ക്കെതിരെയും നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.