പാലക്കാട്: എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലക്ക് അനുമതി നൽകിയതിനെതിരെ കടുത്ത വിമർശനവുമായി പാലക്കാട് രൂപത രംഗത്ത്. മദ്യനിർമ്മാണശാല സമൂഹത്തിന് വിപത്തായി മാറുമെന്ന് പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ പറഞ്ഞു. എലപ്പുള്ളിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്, ഈ പദ്ധതി വരുന്നതോടെ കർഷകർ പട്ടിണിയിലാകും. മലമ്പുഴ ഡാമിൽ നിന്ന് കഴിഞ്ഞ തവണ കൃഷിക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായി. മദ്യത്തിന്റെ വില്പന ഘട്ടം ഘട്ടമായി കുറക്കുമെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ജനങ്ങളെ വഞ്ചിക്കുകയാണെന്നും കമ്പനി ലക്ഷ്യമിടുന്നത് രാസമദ്യ നിർമ്മാണമെന്ന് വ്യക്തമാണ്. വന്യമൃഗ ശല്യം ഒഴിവാക്കി ജനങ്ങളെ സഹായിച്ചു കൂടെയെന്നും ബിഷപ്പ് ആരാഞ്ഞു.
അതേസമയം, മദ്യനിർമ്മാണ കമ്പനി പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ലെന്ന വാദവുമായി ഒയാസിസ് കമ്പനി രംഗത്തുവന്നു. വെള്ളത്തിൻ്റെ കാര്യത്തിൽ ജനത്തിന് ആശങ്ക വേണ്ട. കമ്പനി മഴ വെള്ള സംഭരണിയിൽ നിന്ന് വെള്ളം എടുക്കും. കമ്പനിയുടെ പ്രവർത്തനത്തിന് 5 ഏക്കർ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കുമെന്നും ഒയാസിസ് വ്യക്തമാക്കി. ഒപ്പം പ്രദേശത്തെ 200 പേർക്ക് തൊഴിൽ ലഭിക്കുമെന്നുമാണ് കമ്പിനി നൽകുന്ന വാഗ്ദാനം.