സിബിന സണ്ണി
പെട്ടന്ന് ഒരു അത്യാവശ്യത്തിന് ഉടനടി പണം, രജിസ്ട്രേഷനും വെരിഫിക്കേഷനും ലോണ്‍ അപ്രൂവലുമെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കഴിയും. എല്ലാം ഓണ്‍ലൈന്‍ ഇടപാടുകള്‍. ആരെയും ആകര്‍ഷിക്കുന്നതാണ് ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളുടെ പരസ്യം.
ഇത്തരത്തില്‍ ബാങ്ക് വായ്പയെടുക്കാന്‍ സാധിക്കാത്തവരും, ലോണിനായി ബാങ്കില്‍ കയറി മടുത്തവരും തുടങ്ങി, സഹായത്തിനായി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാന്‍ അഭിമാനപ്രശ്നം ഉള്ളവര്‍ വരെ ഇത്തരം ആകര്‍ഷണവലയത്തില്‍ പെട്ടന്നുതന്നെ വീഴും.

ഇങ്ങനെ വായ്പയെടുത്തവര്‍ പലരും പിന്നീടാണ് വലിയ കെണി മനസിലാക്കുക. സാമ്പത്തികമായി തളരുന്നതിനൊപ്പം മാനസിക സമ്മര്ദങ്ങള്കൂടി ഉടലെടുക്കുമ്പോള്‍ പലരും ആത്മഹത്യയിലേക്ക് തിരിയും. ഇത് ഇന്നും ഇന്നലെയും ആരംഭിച്ചതല്ല, എത്ര അനുഭവങ്ങള്‍ കണ്ടുവെന്ന് പറഞ്ഞാലും വീണ്ടും ലോണ്‍ എടുക്കും, അവരുട ആകര്‍ഷണവലയത്തില്‍ നമ്മള് വീണുപോകും.
ഇന്നലെയും ആരതി എന്ന മുപ്പത്തൊന്നുകാരി ലോണ്‍ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് ജീവനൊടുക്കി. നഗ്നദൃശ്യങ്ങള്‍ കോണ്ടാക്ടില് ഉള്ളവര്‍ക്ക് അയക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി, അയച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു യുവതിയുടെ മറുപടി.
ആപ്പുകളിലൂടെ ഇന്‍സ്റ്റന്റ് ലോണുകള്‍ നേടിയവര്‍ പിന്നീട് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ കൂടിക്കൂടി വരികയാണ്. തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെയും, തിരിച്ചടവിന് ശേഷവുമൊക്കെ ലോണ്‍ തന്നവരില്നിന്ന് നേരിടേണ്ടിവന്ന അവഹേളനവും ബ്ലാക്ക് മെയ്ലിങ്ങുമാണ് ആത്മഹത്യക്ക് കാരണമാകുന്നത്.

എറണാകുളം കടമക്കുടിയില്‍ മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തതിനുപിന്നില്‍ ഓണ്‍ലൈന്‍ വായ്പയും, ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയുമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍, ആ സംഭവം നടന്നിട്ട് ഒരു വര്‍ഷമായിട്ടില്ല.
ഇന്‍സ്റ്റന്റ് ലോണ്‍ എന്നുപറയുമ്പോള്‍ ആളുകള്‍ ആകൃഷ്ടരാകാനുള്ള പ്രധാന കാരണം, കുറഞ്ഞ സമയത്തിനുള്ളില്‍ കുറച്ചു വിവരങ്ങള്‍ നല്കിയാല് ആവശ്യമുള്ള തുക അക്കൗണ്ടില്‍ എത്തും എന്നത് തന്നെയാണ്.
പെട്ടന്നൊരു ആവശ്യത്തിന് പണം ആവശ്യമായി വന്നാല്‍ ബാങ്കുകളെ ആശ്രയിക്കാന്‍ കഴിയില്ല. ഇതാണ് ഇന്‍സ്റ്റന്റ് ലോണുകളിലേയ്ക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്ന പ്രധാനഘടകം. ബാങ്കുകളില്‍നിന്ന് ലോണ്‍ ലഭിക്കണമെങ്കില്‍ ഏറെ രേഖകള്‍ ആവശ്യമാണെന്ന് മാത്രമല്ല അവയൊക്കെകൊണ്ട് കുറഞ്ഞത് രണ്ടാഴ്ച കയറിയിറങ്ങണം ലോണ്‍ ലഭിക്കാന്‍. ഈ സമയത്താണ് ആളുകള്‍ ഇത്തരം ഓണ്‍ലൈന്‍ വായ്പകളിലേയ്ക്ക് എത്തുന്നത്.
ഓൺലൈൻവഴി വീട്ടമ്മയുടെ അഞ്ചുലക്ഷം തട്ടിയ മൂന്നുപേർ അറസ്റ്റിൽ
ബോംബെ, ഗുജറാത്ത് എന്നീ സ്ഥലങ്ങളാണ് ഇത്തരം തട്ടിപ്പുകളുടെ കേന്ദ്രമായി വരുന്നതെന്നാണ് പൊതുവെയുള്ള പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 9,000- ത്തിലധികം കേസുകളാണ് കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പേരില്‍ ഇന്ത്യയിലെ ബാങ്കുകളില്‍ രേഖപ്പെടുത്തിയത്. ഒറ്റയ്ക്കും, കുടുംബത്തോടെയും ആളുകള്‍ മരിക്കുമ്പോള്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതല്ലാതെ ഇതിനൊരു പരിഹാരമെന്ന നിലയില്‍ ഒരു നിയമമോ തീരുമാനങ്ങളോ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല എന്നതാണ് വസ്തുത.
നാളുകള്‍ക്ക് മുന്‍പ് കേന്ദ്രത്തിന്റേതെന്ന നിലയില്‍ ഏറെ പ്രചാരം നേടിയ ഒരു പദ്ധതിയായിരുന്നു ’45 മിനിറ്റിനുള്ളില്‍ ലോണ്‍’ എന്നത്. ആപ്ലിക്കേഷനില്‍ എല്ലാവരും ലോഗിന്‍ ചെയ്താല്‍ പ്രോസസിങ് ഫീസായി നൂറു രൂപ മുതല്‍ രണ്ടായിരം രൂപവരെയ ചോദിക്കും. ലോഗിന്‍ ചെയ്തവരൊക്കെ പണവും നല്കി. എന്നാല്‍ പിന്നീട് അതിന്റെ ഒരു വിവരവും ഉണ്ടായതുമില്ല.
ഇലക്ട്രോണിക് തട്ടിപ്പിനെതിരെ കാമ്പയിനുമായി ഒമാൻ
ആപ്ലിക്കേഷനില്‍ ആയിരം പേര് ആയിരം രൂപവെച്ച് ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അന്ന് അവര്‍ക്ക് പത്ത് ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. വെറും ആയിരം രൂപയല്ലേ എന്നുവെച്ച് ആരും അതിന്റെ പിന്നാലെ പോയിട്ടുമില്ല. ഇത്തരത്തില്‍ പുറത്തറിയാതെ പോകുന്ന അനേകം കേസുകള്‍ വേറെയുമുണ്ട്.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പിന്നില്‍ രാഷ്ടീയതലത്തില് പോലും ഗൂഢാലോചനയുണ്ടോ എന്നത് സംശയിക്കേണ്ട കാര്യമാണ്. കാരണം, ചില കേസുകള്‍ കേള്‍ക്കുമ്പോള്‍ രാഷ്ട്രീയ പിന്‍ബലമില്ലാതെ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടക്കില്ല എന്നത് വ്യക്തമാണ്. മാത്രമല്ല, ഇത്തരത്തിലുള്ള വ്യാജ ആപ്പുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടുമില്ല.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പിന്നില്‍ കൂടുതലായി ആഫ്രിക്കന്‍ രാജ്യങ്ങളാണെന്നാണ് വിവരം. എന്നാല്‍ ഇതിന്റെ ശരിയായ ഉറവിടം കണ്ടെത്തുകയെന്നത് എളുപ്പമല്ല. കാരണം, ഒരു സ്ഥലത്ത് സ്ഥാപനമായി പ്രവര്‍ത്തിക്കുന്നവയാണെങ്കില്‍ അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇന്‍സ്റ്റന്റ് ലോണുകള്‍ ലഭ്യമാകുന്നത് ഫോണിലുള്ള ആപ്ലിക്കേഷനുകള്‍ വഴിയാണ്.

ഇത്തരം ആപ്ലിക്കേഷന്‍ നിര്മിക്കുന്നതുപോലെതന്നെ ഇല്ലാതാക്കിയാല്‍ അതിന്റെ ഉടവിടവും അവിടെ കഴിഞ്ഞു. പിന്നീടത് കണ്ടെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഇത്തരം കേസുകളില്‍ പൊലീസിന് അധികമൊന്നും ചെയ്യാനാകില്ല. മരണത്തിന് പിന്നിലുള്ള കാരണം, പല വഴികളിലൂടെ സമൂഹത്തിന് മുന്നില്‍ എത്തിക്കുക മത്രമാണ് പൊലീസിനെക്കൊണ്ട് ചെയ്യാനാകുന്നത്.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ കേന്ദ്രത്തിന്റെ അനുമതിയോടെ ഇന്റലിജന്റ്സ് അന്വേഷണം നടത്തേണ്ടതും, ഇത്തരം വ്യാജ ആപ്ലിക്കേഷനുകള്‍ നിരോധിക്കപ്പെടുകയുമാണ് പ്രധാനമായും വേണ്ടത്. ഇതിനൊന്നും ആരും മുന്‍കൈ എടുക്കാത്തപക്ഷം നമ്മുടെ സുരക്ഷ നമ്മള് തന്നെ ഉറപ്പാക്കേണ്ടതാണ് മുഖ്യം.
വ്യാജ തട്ടിപ്പുകള്‍ക്കെതിരെ ജാഗരൂഗരായിരിക്കുകയെന്നതാണ് ആകെ ചെയ്യാന്‍ കഴിയുന്നത്. അജ്ഞാത ഫോണുകള്‍ക്കും, സന്ദേശങ്ങള്‍ക്കുമെതിരെ പ്രതികരിക്കാതിരിക്കുക, വായ്പകള്‍ക്ക് ഇന്‍സ്റ്റന്റ് ആപ്ലിക്കേഷനുകളെ ആശ്രയിക്കാതിരിക്കുക എന്നതല്ലാതെ രക്ഷയ്ക്ക് വേറെ ഓപ്ഷനുകളില്ല.
ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിൽ നരേന്ദ്ര മോദിയെ പിന്നിലാക്കി നടി ശ്രദ്ധ കപൂർ
ചില ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്യുമ്പോള്‍തന്നെ നമ്മുടെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈയിലെത്തും അതിനാല്‍ അനാവശ്യ ആപ്ലിക്കേഷനുകള്‍ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക. ഈട് ആവശ്യപ്പെടാതുള്ള എല്ലാ വായ്പകളും ഉപേക്ഷിക്കുക, കാരണം, ഈടുനല്കാതെ പണം നല്കാന് തയ്യാറാകുന്നവരല്ല ആരും. അങ്ങനെ പണം തരുന്നുവെങ്കില്‍ അതിന് പിന്നിലെ കെണി മനസ്സിലാക്കാതെ പോകരുത്.