തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈ. 17 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫിന് നേടാനായത് 11 സീറ്റുകളാണ്. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചു.
മൂന്ന് പഞ്ചായത്തുകളിലെ ഭരണം യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. തൃശൂര്‍ നാട്ടിക പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ യുഡിഎഫ് അട്ടിമറി വിജയം നേടിയപ്പോള്‍ പഞ്ചായത്ത് ഭരണവും ലഭിച്ചു. പഞ്ചായത്തിലെ നില യുഡിഎഫ്-6, എല്‍ഡിഎഫ്-5 എന്നായി. ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തും യുഡിഎഫ് പിടിച്ചെടുത്തു.
എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പന്നൂര് വാര്‍ഡില്‍ യുഡിഎഫിന് ജയിച്ചു. ഇതോടെ പഞ്ചായത്തില്‍ യുഡിഎഫ് അംഗബലം എട്ടായി, എല്‍ഡിഫിന് ആറ് അംഗങ്ങളാണുള്ളത്. പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലും സിപിഐഎമ്മിന് ഭരണം നഷ്ടമായി. ഇവിടെ നാലാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. നിലവിലെ കക്ഷി നില യുഡിഎഫ്-എട്ട്, എല്‍ഡിഎഫ്- ഏഴ്
ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. രൂപീകൃതമായത് മുതല്‍ എല്‍ഡിഎഫിന്റെ വാര്‍ഡായിരുന്നു ഇത്. മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന് കോണ്‍ഗ്രസ് പിടിച്ചെടുത്തു.
കോട്ടയം അതിരമ്പുഴ പഞ്ചായത്തില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. മൂന്നാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് എം നേടി. ഈരാറ്റുപേട്ട നഗരസഭയിലെ 16 ആം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. രണ്ടിടങ്ങളിലും യുഡിഎഫിനാണ് ഭരണം. ഇന്നത്തെ ഫലങ്ങള്‍ ഭരണമാറ്റം ഉണ്ടാക്കില്ല.
കൊല്ലം പടിഞ്ഞാറേ കല്ലട അഞ്ചാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍ പഞ്ചായത്തിലെ കണിച്ചാര്‍ പഞ്ചായത്ത് ആറാം വാര്‍ഡ്, മാടായി പഞ്ചായത്ത് ആറാം വാര്‍ഡ് എന്നിവ എല്‍ഡിഎഫ് നിലനിര്‍ത്തി. അതേസമയം, പത്തനംതിട്ട എഴുമാറ്റൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ബിജെപിക്ക് ജയം. കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.