തിരുവനന്തപുരം: നടന് സിദ്ദിഖിന് നേരെ ഉയര്‍ന്ന പീഡനപരാതിക്ക് പിന്നാലെ ഒളിവില്‍ പോയ നടനുവേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിലെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പിയാണ് ഫോട്ടോ പതിച്ച നോട്ടീസ് പുറപ്പെടുവിച്ചത്. എല്ലാ സ്റ്റേഷനുകളിലും പതിക്കാൻ എസ്.പിമാർക്ക് നിർദേശം നൽകി. മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് നോട്ടീസ് അയച്ചിട്ടുണ്ട്.
മ്യൂസിയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലാണ് നോട്ടീസ്. സിദ്ദീഖ് മാമ്മത്തി(65)നെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കണമെന്ന് കാണിക്കുന്ന നോട്ടീസിൽ പൊലീസിന്റെ ഫോൺ നമ്പറുകളും നൽകിയിട്ടുണ്ട്.
സുപ്രീംകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സിദ്ദീഖ് ഇന്ന് ഇ-മെയിൽ മുഖേന ആവശ്യപ്പെടും. വെള്ളിയാഴ്ച ഹരജി പരിഗണിക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസമാണ് സിദ്ദീഖ് സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണമുന്നയിച്ച നടിയും സുപ്രീംകോടതിയിൽ തടസ്സ ഹരജി നൽകിയിട്ടുണ്ട്.