മുംബൈ: ന്യൂസിലൻ്റിന് എതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇന്ത്യയ്ക്ക് തോൽവി. 25 റൺസിനാണ് ന്യൂസിലൻ്റിൻ്റെ വിജയം. 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്നാം ദിനം ഉച്ച ഭക്ഷണത്തിന് ശേഷം 121 റൺസിന് പുറത്തായി. 64 റൺസെടുത്ത ഋഷഭ് പന്തിന് മാത്രമാണ് പിടിച്ച് നിൽക്കാൻ ആയത്. ആറ് വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ അജാസ് പട്ടേലാണ് ഇന്ത്യയെ തകർത്തത്. നേരത്തെ ആദ്യ ഇന്നിംഗ്സിൽ അജാസ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ന്യൂസിലൻ്റ് തുത്തുവാരി. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങുന്നത്. എതിരാളികളെ വീഴ്ത്താൻ സ്പിൻ കെണി ഒരുക്കുന്ന ഇന്ത്യ സ്വയം കുഴിച്ച കുഴിയിൽ വീണാണ് നാണം കെട്ടത്.
ബാറ്റർമാരുടെ പരാജയമാണ് മൂന്നാം ടെസ്റ്റിലും ഇന്ത്യയെ വീഴ്ത്തിയത്. 147 എന്ന താരതമ്യേന ചെറിയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി പന്ത് ഒഴികെ ആരും ലക്ഷ്യ ബോധത്തോടെ ബാറ്റ് വീശിയില്ല. നായകൻ രോഹിതും (11) കോഹ്ലിയും(1) സർഫ്രാസ് ഖാനും (1) രണ്ടാം ഇന്നിംഗ്സിലും പരാജയമായി. ഏകദിന ശൈലിയിൽ 59 പന്തിൽ 64 റൺസെടുത്ത പന്ത് മാത്രമാണ് അൽപ്പമെങ്കിലും പ്രതീക്ഷ നൽകിയത്. എന്നാൽ പിന്തുണ നൽകാൻ ആരും ഉണ്ടായില്ല. പന്തും പുറത്തിയതോടെ ഇന്ത്യയുടെ പതനം പൂർത്തിയായി.
ഇന്ത്യയെ സ്വന്തം നാട്ടിൽ വൈറ്റ് വാഷ് ചെയ്ത് പരമ്പര സ്വന്തമാക്കാനായത് കീവികൾക്ക് ചരിത്രനേട്ടമായി. പരമ്പരയിലെ സമ്പൂർണ തോൽവി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായി.