തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്ന് ശ്രീലങ്ക-തമിഴ്നാട് തീരത്തേക്കടുക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഡിസംബര്‍ 12-ന് തമിഴ്നാട്ടിലെ 23 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. കാഞ്ചീപുരം, തിരുള്ളൂര്‍, ചെങ്കല്‍പേട്ട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഡിസംബര്‍ 13-വരെ മയിലാടുംതുറൈ, തിരുവാരൂര്‍, നാഗപട്ടണം, തഞ്ചാവൂര്‍, കൂടല്ലൂര്‍, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തമിഴ്നാട് തീരദേശ മേഖലയില്‍ മഴ കൂടാന്‍ സാധ്യതയുണ്ട്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
കേരളത്തിലും നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.