കണ്ണൂര്‍: മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരുന്ന പ്രശ്നങ്ങളില്‍ ഇടപെടലുമായി കെപിസിസി. വിഷയം അതീവ ഗൗരവതരമെന്നാണ് കെപിസിസി വിലയിരുത്തല്‍. തര്‍ക്കപരിഹാരത്തിന് കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കും. സമിതി ചെയര്‍മാനെ ഉള്‍പ്പെടെ ഇന്ന് തന്നെ തീരുമാനിക്കാനാണ് നീക്കം.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡിസിസി കെപിസിസി നേതൃത്വത്തിന് കത്തയച്ചിരുന്നു. വിഷയത്തില്‍ എംകെ രാഘവന് എംപിയെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ഡിസിസി നേതൃത്വത്തിന്റേത്. കോളേജിലെ നിയമനകാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം എംകെ രാഘവന് മാനിച്ചില്ലെന്ന് ഡിസിസി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മാടായിയിലേത് പ്രാദേശിക വിഷയമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. കെപിസിസി ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും ഇക്കാര്യത്തില്‍ താനും മുന്‍കൈ എടുക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ വ്യക്തമാക്കി.
മാടായി വിഷയത്തില്‍ പാര്‍ട്ടി നടപടി നേരിട്ട പ്രാദേശിക നേതാക്കള്‍ ഗസ്റ്റ് ഹൗസില്‍ വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ഉദ്ഘാടനം നടക്കാനിരിക്കെ ആക്രമിക്കപ്പെട്ട കോണ്‍ഗ്രസ് ഓഫീസ് സന്ദര്‍ശിക്കാനാണ് സതീശന് കണ്ണൂരില്‍ എത്തിയത്.