എന്‍ഡിഎയും ഇന്‍ഡ്യാമുന്നണിയും ഏറ്റുമുട്ടുന്ന മഹാരാഷ്ട്ര ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നിശബ്ദപ്രചാരണത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. നിശബ്ദതയാണെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല, ആര് വാഴും ആര് വീഴും എന്ന കാത്തിരിപ്പിലാണ് രാട്രീയപാര്‍ട്ടികളും ജനങ്ങളും.
ഇരുസംസ്ഥാനങ്ങളും അഭിമാനപോരാട്ടം കാഴ്ച്ചവെയ്ക്കാന്‍ തയ്യാറെടുത്തുനില്‍ക്കുകയാണ്. രണ്ട്സംസ്ഥാനങ്ങളിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ വിധി പ്രവചിക്കുക എന്നത് അതിദുഷ്കരമാണ്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എന്‍ സി പി ശരത്പവാര്‍ വിഭാഗവും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും നിലമേച്ചപ്പെടുത്തിയാല്‍ അത് ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കുക. എന്നാല്‍ അധികാരത്തിലേക്കുള്ള അഭിമാനപോരാട്ടത്തില്‍ ബിജെപിക്ക് പ്രതീക്ഷക്കുള്ള വകയും ഏറെയുണ്ട്.
ജാര്‍ഖണ്ഡില്‍ കൂറുമാറിയെത്തിയ ചംബൈ സോറന് ബിജെപിക്കു നല്കുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല. ജയിലിലായിരിക്കെ തന്റെ വിശ്വസ്തനായിരുന്ന ചംബൈ സോറനാണ് ഹേമന്ത് സോറന് മുഖ്യമന്ത്രിപദം കൈമാറിയത്. ജയിലില്‍ നിന്ന് മടങ്ങിയെത്തിയ ഹേമന്ത് സോറന് മുഖ്യമന്ത്രികസേര കൈമാറേണ്ടിവന്നതില് അതൃപ്തനായ ചംബൈസോറന് പതിയെ ബിജെപിയിലേയ്ക്ക് കൂടുമാറി. ഇത് ജെഎംഎമ്മിന് ചെറുതല്ലാത്ത തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്.
അടിയൊഴുക്കുകള്‍ക്ക് ഏറെ സാധ്യതയുള്ള മഹാരാഷ്ട്രയില്‍ പോരാട്ടം പ്രവചനാധീതമാണ്. അതുകൊണ്ടുതന്നെ മഹായുദ്ധത്തിനാണ് മഹാരാഷ്ട്ര തയ്യാറായി നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ എന്‍സിപിയും ശിവസേനയും രണ്ടായി പിളരുകയും ബിജെപിക്കൊപ്പം ചേരുകയും ചെയ്ത രാഷ്ട്രീയ വിവാദങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് ജനങ്ങള്‍ പോളിംങ് ബൂത്തിലേയ്ക്ക് എത്തുക.
ഇതില്‍ ഏത് ഭാഗമാണ് ശരി എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാകും ജനങ്ങള്‍ തെരഞ്ഞെടുക്കുക എന്നതാണ് ആവേശം ഇരട്ടിയാക്കുന്നത്. ഇതിന് പുറമേ തെരഞ്ഞെടുപ്പിന് പ്രാധാന്യമേറ്റുന്നത് ഇത്തവണ വിമതന്മാരും സ്വതന്ത്രന്മാരുമാണ്. സ്വതന്ത്രരും വിമതരുമൊക്കെയായി ഏഴായിരത്തോളം മത്സരാര്‍ഥികളാണ് 288 മണ്ഡലങ്ങളിലുമായുള്ളത്.
മഹായുതി മഹാവികാസ് അഘാഡി സഖ്യങ്ങള്‍ക്ക് ഇത് അഭിമാനത്തിന്റെ പോരാട്ടമാണ്. 148 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന 80 സീറ്റുകളിലും അജിത് പവാറിന്റെ എന്‍സിപി 53 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.
103 സീറ്റുകളിലേയ്ക്കാണ് കോണ്‍ഗ്രസ് സ്ഥാനര്‍ഥികളെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഉദ്ധവ് താഖറയുടെ നേതൃത്വത്തിലുള്ള ശിവസേന യുബിടി 89 സീറ്റുകളിലേയ്ക്കും ശരത് പവാറിന്റെ എന്‍സിപി 87 സീറ്റുകളിലേയ്ക്കുമാണ് സ്ഥാനാര്‍ഥികളെ ഇറക്കിയിരിക്കുന്നത്.
പ്രവചനങ്ങള്‍ അത്രയേറെ ദുഷ്കരമായിരിക്കെ, മഹാരാഷ്ട്രയിലെ ഭരണ സഖ്യമായ മഹായുതി അധികാരത്തില്‍ നിലനിര്‍ത്തുമെന്നാണ് സര്‍വേ ഏജന്‍സിയായ മാട്രിസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നത്. 288 അംഗ നിയമസഭയില്‍ മഹായുതിക്ക് 145 മുതല്‍ 165 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് മാട്രിസ് പോളിന്റെ പ്രവചനം.
എന്നാല്‍ മറ്റൊരു പ്രീപോള്‍ സര്‍വേ പറയുന്നത് പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 151 മുതല്‍ 162 വരെ സീറ്റുകള്‍ നേടുമെന്നാണ്. സര്‍വേ പ്രവചനങ്ങള്‍ ശരിയാണെങ്കില്‍, 288 അംഗ നിയമസഭയില്‍ മഹാ വികാസ് അഘാഡി, മഹായുതിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കും.
ഭരണകക്ഷിയായ മഹായുതിക്ക് 115-128 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ 5-14 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കപ്പെട്ടിരിക്കുകയാണ്. ലോക് പോള്‍ നടത്തിയ സര്‍വേ പ്രകാരം മഹായുതി വോട്ട് വിഹിതം 37-40 ശതമാനവും എംവിഎയുടെ വോട്ട് 43-46 ശതമാനവുമാണ്.
മുന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതേ പ്രീ-പോള്‍ സര്‍വേ തെറ്റായിരുന്നു. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയുടെയും ശിവസേനയുടെയും ഭരണകക്ഷിയായ ദേശീയ ജനാധിപത്യ സഖ്യം ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍ പിന്നീടാണ് ബിജെപിയും ശിവസേനയും വേര്‍പിരിഞ്ഞത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് വ്യത്യസ്ത മുഖ്യമന്ത്രിമാരാണ് മഹാരാഷ്ട്രയുടെ തലപ്പത്തെത്തിയത്. ഇതില്‍ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ്, ശിവസേനയുടെ ഉദ്ധവ് താക്കറെ, ഇപ്പോള്‍ ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെ. പ്രവചനങ്ങള്‍ അനുസരിച്ച് ഭരണം മഹായുതി നിലനില്‍ക്കുമോ മഹാവികാസ് അഘാഡി ഭരണം കയ്യാളുമോ എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.
ജര്‍ഖണ്ഡില്‍ രണ്ടാം ഘട്ടതെരഞ്ഞെടുപ്പിനാണ് കളമൊരുങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള സഖ്യങ്ങളുടെ ഉന്നത നേതാക്കളൊക്കെയും അണിനിരന്ന വന്‍പ്രചാരമായിരുന്നു ജാര്‍ഖണ്ധില്‍ അരങ്ങേറിയത്.
2019-ല്‍ നഷ്ടമായ അധികാരം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളിലാണ് ബി.ജെ.പി. എന്നാല്‍ കയ്യിലുള്ള ഭരണത്തെ പിടിച്ചുനിര്‍ത്താനുള്ള കഷ്ടപ്പാടിലാണ് ഇന്ഡ്യന്സഖ്യം.
81 അംഗ നിയമസഭയില്‍ 45-50 സീറ്റുകള്‍ നേടി ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് ശക്തമായ വിജയം നേടുമെന്നാണ് മാട്രിസ് ഏജന്‍സിയുടെ സര്‍വേ ഫലം വ്യക്തമാക്കുന്നത്. സംസ്ഥാനത്തരങ്ങേറിയ രാഷ്ട്രീയ നാടകത്തിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപിക്ക് വിജയം പ്രചിച്ചിരിക്കുന്നത്.
2019-ല്‍ നടന്ന മുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍, ബിജെപിയുടെ മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കിയാണ് ജെഎംഎം-കോണ്‍ഗ്രസ് സഖ്യം സ്ഥാനംപിടിച്ചത്. ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം 30 സീറ്റുകളും കോണ്‍ഗ്രസ് 16 സീറ്റുകളും നേടി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
പ്രവചനങ്ങള്‍ക്കനുസരിച്ച് വോട്ടുകള്‍ വീഴാനും പ്രവചനങ്ങള്‍ തിരുത്തിയെഴുതാനും ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ മുന്നണികളൊക്കെയും അത്രയേറെ പ്രതീക്ഷയിലാണ്.