മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി പൂര്‍ത്തിയാക്കി. ധാരണ പ്രകാരം കോണ്‍ഗ്രസ് 105 സീറ്റുകളില്‍ മത്സരിക്കും. ഉദ്ധവ് വിഭാഗം ശിവസേന 95 ഉം ശരദ് പവാര്‍ നേതൃത്വം നല്കുന്ന എന്‍സിപി 84 ഉം സീറ്റുകളില്‍ ജനവിധി തേടും. സഖ്യത്തിലെ ചെറുകക്ഷികള്‍ക്കായി നാല് സീറ്റാണ് നീക്കിവച്ചിട്ടുള്ളത്.
ഒരുമാസമായി തുടര്‍ന്ന ചര്‍ച്ചകള്‍ക്കും നീണ്ട തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് മഹാ വികാസ് അഘാഡിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഇന്നലെ ശരദ് പവാര്‍, ഉദ്ധവ് താക്കറെ എന്നിവരുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നപരിഹാരം ഉണ്ടായത്.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉദ്ധവ് വിഭാഗത്തിനായിരുന്നു മേല്‍ക്കൈ ലഭിച്ചതെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതുണ്ടായില്ല. ലോക്സഭയില്‍ 21 സീറ്റുകളില്‍ മത്സരിച്ച ഉദ്ധവ് വിഭാഗത്തിന് 9 സീറ്റുകളാണ് വിജയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ 17 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 13 ഉം 10 സീറ്റുകളില്‍ മത്സരിച്ച ശരദ് പവാര്‍ വിഭാഗം 9 ഉം സീറ്റുകള്‍ നേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഇത്തവണത്തെ സീറ്റ് വിഭജനത്തില്‍ വിലപേശല്‍ നടത്തിയതും 105 സീറ്റുകള്‍ നേടിയെടുത്തതും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിലായിരുന്ന ശിവസേന 124 സീറ്റുകളിലാണ് മത്സരിച്ചത്. എന്നാല്‍ പിന്നീട് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി പിളര്‍ത്തി ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എന്‍സിപി പിളര്‍ത്തി അജിത് പവാര്‍ പക്ഷവും ബിജെപിക്കൊപ്പം പോയി.
ഭരണകക്ഷിയായ എന്‍ഡിഎയിലും (മഹായുതി ) സീറ്റ് വിഭജനത്തില്‍ ഏകദേശ ധാരണ ആയിട്ടുണ്ട്. ബിജെപി 155-160, ഷിന്‍ഡെ വിഭാഗം ശിവസേന 85-90, അജിത് പവാര്‍ വിഭാഗം എന്‍സിപി 45-50 എന്നിങ്ങനെയാണ് നിലവിലെ ഫോര്‍മുല. നവംബര്‍ 20 നാണ് മഹാരാഷ്ട്രയില്‍ വോട്ടടെുപ്പ്, വോട്ടെണ്ണല്‍ 23 ന്.