ഡല്‍ഹി: രാജ്യസഭാ ചെയര്മാന് കൂടിയായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ ആഞ്ഞടിച്ച് സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ധന്‍കര്‍ കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ വക്താവാണെന്നും രാജ്യസഭ തടസ്സപ്പെടാന്‍ പ്രധാന കാരണം ചെയര്മാന് തന്നെയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
ധന്‍കറിനെതിരായ അവിശ്വാസപ്രമേയ നീക്കത്തെ ന്യായീകരിച്ചായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. രാജ്യസഭാ ചെയര്മാന് നിഷ്പക്ഷനും രാഷ്ട്രീയത്തിന് അതീതനുമായിരിക്കണം. സഭയെ ചട്ടപ്രകാരം നയിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.
നിലവിലെ സാഹചര്യങ്ങള്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഇന്ത്യ സഖ്യത്തെ നിര്‍ബന്ധിതരാക്കിയെന്ന് ഖാര്‍ഗെ വ്യക്തമാക്കി. ധന്‍കറിന്റെ നടപടികള്‍ രാജ്യത്തിന്റെ അന്തസിന് കളങ്കമുണ്ടാക്കി. ചെയര്‍മാന്റെ കൂറ് ഭരണഘടനയോടല്ല, മറിച്ച് ഭരണകക്ഷിയായ ബിജെപിയോടാണ്. പ്രതിപക്ഷം പ്രധാന വിഷയങ്ങള്‍ ഉന്നയിച്ചാല്‍ ചര്‍ച്ചയ്ക്ക് ധന്‍കര്‍ അനുമതി നിഷേധിക്കും. പ്രതിപക്ഷ നേതാക്കളെ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷം ധന്‍കറിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. ഇന്ത്യാ സഖ്യത്തിലെ കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍, എസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്.