പി.ആർ.സുമേരൻ
സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്കി സമീപകാലത്ത് ജനശ്രദ്ധ പിടിച്ച് പറ്റിയ നടി അനുശ്രീയുടെ സിനിമാ ജീവിതത്തിലുടെ ഒരു അനുയാത്ര
അരുണേട്ടാ ഐ മിസ് യൂ…എന്ന് ഒരു അന്തവും കുന്തവുമില്ലാതെ ലാല്‍ജോസിന്റെ ഡയമണ്ട് നെക്ലേസിലൂടെ വിളിച്ചുപറയുന്ന കലാമണ്ഡലം രാജശ്രീയില്‍നിന്ന് അനുശ്രീ ഇന്ന് ഒരുപാട് വളര്‍ന്നു. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു. മലയാളത്തിലെ മുന്‍നിരനായകന്മാര്‍ക്കൊപ്പം അനുശ്രീ ഒട്ടേറെ സിനിമകള്‍ ചെയ്തു. പലതും ഹിറ്റും സൂപ്പര്‍ഹിറ്റുമായി.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, മഹേഷിന്റെ പ്രതികാരം, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലെല്ലാം അനുശ്രീ ശ്രദ്ധേയമായി. ഇപ്പോൾ പുതിയ ചിത്രം ‘കഥ ഇന്നുവരെ’ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. അനുശ്രീയുടെ വിശേഷങ്ങളിലൂടെ…
തീര്‍ത്ഥയാത്രകള്‍….
വീട്ടില്‍ അച്ഛനും അമ്മയും ചേട്ടനും ഒത്തുകൂടിയാല്‍ പിന്നെ ഒന്നും നോക്കില്ല. നേരെ ഒരു യാത്രയാണ്. യാത്രയെന്ന് പറയുമ്പോള്‍ ടൂറല്ല. അമ്പലങ്ങളിലേക്കാണ് പോകുന്നത്. പത്തനാപുരത്തുള്ള അമ്പലങ്ങള്‍ ചുറ്റി മണ്ണാറശാല, ചക്കുളത്തുകാവ്, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ അങ്ങനെ ഗുരുവായൂരപ്പനെ തൊഴുത് മടങ്ങും. എന്റെയും വീട്ടുകാരുടെയും ഏറ്റവും സന്തോഷം ഇത്തരം യാത്രകളാണ്. ടൂറ് പോകണമെന്നൊന്നും താല്പര്യമില്ല. അമ്പലങ്ങളില്‍ പോകുന്നതാണ് ഏറ്റവും ഇഷ്ടം. ഇതാണ് ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷവും സമാധാനവും.
ഏറെ പ്രിയം നമ്മുടെ നാട്
കുറേ സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നമ്മുടെ നാടായ കേരളമാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാന്‍ കഴിയുന്ന സ്ഥലം കേരളം തന്നെയാണ്. കേരളത്തില്‍ ജനിച്ചതില്‍ എനിക്ക് അഭിമാനം തോന്നിയിട്ടുണ്ട്. മലയാളിയായതില്‍ ചെറിയൊരു അഹങ്കാരവുമുണ്ട്.
ചെകുത്താന്റെ നാടായി മാറി ഇന്ന് നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടല്ല. ചെകുത്താന്റെ നാടായി മാറിക്കഴിഞ്ഞു. സ്ത്രീകളെയും കുട്ടികളെയും പിച്ചിച്ചീന്തുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ തന്നെ പേടിയാണ്. സൗമ്യയും ജിഷയും വേദനയോടെ പിടഞ്ഞ് മരിച്ചിട്ടും ഇവിടെ കൊലയാളികള്‍ക്ക് ഒരു ചുക്കും സംഭവിച്ചില്ല.
അവരെല്ലാം എല്ലാ സുഖസൗകര്യത്തോടെ സന്തോഷത്തോടെ കഴിയുകയാണ്. തിന്ന് കുടിച്ച് ഓരോ ദിവസവും നന്നായി വരുകയാണ്. ഇവനെയൊക്കെ കാണുമ്പോള്‍ നമ്മുടെ നിയമവ്യവസ്ഥയോടും ദേഷ്യം തോന്നിപ്പോകും. കടുത്ത ശിക്ഷ നല്‍കണം തെറ്റ് ചെയ്തവര്‍ക്ക് കഠിനശിക്ഷ നല്‍കണം. എങ്കിലേ മറ്റുള്ളവര്‍ക്ക് അതൊരു പാഠമാകുകയുള്ളൂ
സോഷ്യല്‍ മീഡിയയും മാറിപ്പോയി
സോഷ്യല്‍ മീഡിയ ഇന്ന് പലര്‍ക്കും മറ്റുള്ളവരെ ആക്രമിക്കാനുള്ള വഴിയായിട്ടുണ്ട്. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് ഒരു ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയിരുന്നു. കൃത്യമായി അത് ഫോളോ ചെയ്യുമായിരുന്നു. പക്ഷേ അധികം വൈകാതെ ഞാന്‍ തന്നെ അത് നിര്‍ത്തി. വേറൊന്നും കൊണ്ടല്ല. ഫെയ്സ്ബുക്ക് തുടങ്ങിയതോടെ എത്രയോ ആളുകളാണ് മോശം കമന്റുമായി വരുന്നത്. പത്ത് കമന്റ് വന്നാല്‍ അതില്‍ ഏഴെണ്ണവും ചീത്തവിളിക്കുന്നതായിരിക്കും. തറ കമന്റ് ഉപയോഗിക്കാനും ആര്‍ക്കും ഒരു ചമ്മലും ഇല്ല. ഈ അടുത്തകാലത്ത് ഞാന്‍ വീണ്ടും ഒരു ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജ് സ്റ്റാര്‍ട്ട് ചെയ്തു. അത് ഞാനല്ല കൈകാര്യം ചെയ്യുന്നത്. ചില സുഹൃത്തുക്കളാണ്.
ഫേസ്ബുക്കിനോട് അയിത്തമില്ല ഇതെല്ലാം പറയുന്നത് വേറൊന്നും കൊണ്ടല്ല. ഫെയ്സ്ബുക്ക് മോശം മാത്രമാണെന്ന് വിശ്വസിക്കുന്നയാളല്ല ഞാന്‍. സോഷ്യല്‍ മീഡിയ നല്ല രീതിയില്‍ ഉപയോഗിക്കാവുന്നതാണ്. പക്ഷേ നമ്മുടെ ആളുകള്‍ അതിനും മോശം വശങ്ങള് കണ്ടെത്താനാണ് താല്പര്യം.
നാട്ടിൻ പുറത്ത് കാരി
ഞാന്‍ തനി നാട്ടിന്‍പുറത്തുകാരിയാണ്. പത്താനാപുരത്തെ ഒരു കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയാണ്. എനിക്ക് ഒരിക്കലും ഇത്തരം പൊങ്ങച്ചങ്ങളോട് ഒട്ടും താല്പര്യമില്ല. സിനിമയില്‍പോലും എനിക്ക് വളരെ കുറച്ച് സുഹൃത്തുക്കളേ ഉള്ളൂ. ഷൂട്ടിങ്ങിനായി വീട് വിട്ട് പോയാല്‍ എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തിയാലേ എനിക്ക് സമാധാനമുള്ളൂ. നാട്ടില്‍ കറങ്ങി നടക്കും. വീട്ടിലുള്ളപ്പോള്‍ വീട്ടിലെ എല്ലാക്കാര്യവും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. പിന്നെ സമയം കിട്ടുമ്പോള്‍ നാട്ടിലെ സുഹൃത്തുക്കളെ കാണാന്‍ പോകും.
സിനിമാക്കാരിയാണെന്ന ഒരു ജാഡയും എനിക്കില്ല
സ്ക്കൂട്ടറില്‍ മാര്‍ക്കറ്റില്‍ പോകുകയും വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്യും. ചെറുപ്പം മുതലേ എന്നെ കണ്ട് പരിചയമുള്ളതുകൊണ്ട് ആര്‍ക്കും ഇതില്‍ ഒരു പുതുമയുമില്ല. പരിചയക്കാര് ചിരിക്കുകയും വിഷ് ചെയ്യുകയും ചെയ്യും. തനി നാട്ടിന്‍പുറത്തുകാരിയായി ഇങ്ങനെ ചുറ്റിയടിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. പൊതുവെ ചലച്ചിത്ര താരങ്ങള്‍ക്ക് കിട്ടാത്ത ഒരു ഭാഗ്യം കൂടിയാണിത്.
പുസ്തകങ്ങളോട് താല്പര്യമുണ്ട്
വായനയോട് പൊതുവെ താല്പര്യമുണ്ടെങ്കിലും മടിയാണ്. ലാല്‍ജോസ് സാര്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു ധാരാളം പുസ്തകം വായിക്കണമെന്ന്. അതുകേട്ടപ്പോള്‍ വല്ലാത്തൊരു വാശിയായി. അങ്ങനെ കുറേ പുസ്തകങ്ങള്‍ വാങ്ങിച്ചുകൂട്ടി. ഇപ്പോള്‍ വീട്ടില്‍ ഒരുപാട് പുസ്തകങ്ങളുണ്ട്. പക്ഷേ വായിക്കാന്‍ മടിയാണ്. ചിലപ്പോള്‍ ഒരാവേശത്തിന് ചില പുസ്തകങ്ങള്‍ എടുത്ത് വായിക്കും. പിന്നെ എന്തെങ്കിലും തിരക്കില്‍പെട്ട് അത് മടക്കിവെയ്ക്കും. അതോടെ ആ വായനയും തീരും.
ആദ്യചിത്രം
ലാല്‍ജോസ് സാറിന്റെ ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്ലസിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അത് തനി നാടന്‍ പെണ്‍കുട്ടിയായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് എന്റെ ആ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. അന്ന് മുതല്‍ എന്നെക്കുറിച്ച് ഫീച്ചറുകളും എന്റെ ഇന്റര്‍വ്യൂകളും ഒരുപാട് മാസികകളില്‍ വന്നു. അതെല്ലാം ഞാന്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്റെ പേര് പരാമര്‍ശിക്കുന്ന പത്രകട്ടിങ്ങുകള്‍ വരെ ഞാന്‍ സൂക്ഷിച്ചുവെയ്ക്കും.
എനിക്ക് ഈ ശീലമുള്ളതുകൊണ്ട് ഞാന്‍ അറിഞ്ഞില്ലെങ്കിലും എന്നെക്കുറിച്ച് ആര്‍ട്ടിക്കിള്‍ വരുമ്പോള്‍ സുഹൃത്തുക്കള്‍ അത് കളക്റ്റ് ചെയ്ത് തരും. അതുകൊണ്ട് ഇതുവരെ ഒന്നും മിസ്സായിട്ടില്ല. അങ്ങനെ എന്നെക്കുറിച്ച് വന്നിട്ടുള്ള സ്റ്റോറികളുടെ വലിയ കളക്ഷന്‍ ഉണ്ട്. അതൊരു നിധിപോലെ ഞാന്‍ സൂക്ഷിക്കുകയാണ് ഇടയ്ക്കിടയ്ക്ക് സമയം കിട്ടുമ്പോള്‍ അതെടുത്ത് വായിച്ചുനോക്കാറുണ്ട്. അതെല്ലാം ജീവിതത്തിലെ സന്തോഷമുള്ള കാര്യങ്ങളാണ്.
ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ നാട്ടിന്പുറത്തുകാരി സിനിമയില്‍ വന്നതുകൊണ്ട് പിന്നീട് വന്ന പല സിനിമകളിലും എനിക്ക് അത്തരം റോളുകള്‍ കിട്ടി. മലയാളസിനിമയില്‍ നാട്ടിന്‍പുറത്തുകാരിയുടെ റോള്‍ വരികയാണെങ്കില്‍ അത് എനിക്കിണങ്ങും എന്നൊരു ധാരണയുണ്ടാവാം. അതുകൊണ്ടായിരിക്കാം നാട്ടിന്‍പുറത്തുകാരിയുടെ റോളുകള്‍ എന്നെ തേടി വരുന്നത്.
വലിയ നേട്ടങ്ങള്‍
എന്റെ കരിയറിലെ വലിയ നേട്ടമായിരുന്നു. ലാലേട്ടനെയും പ്രിയന്സാറിനെയും എനിക്ക് അടുത്ത് കാണാന്‍ പറ്റുമോ എന്ന് പോലും ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ സിനിമ ആസ്വദിച്ചിട്ടുള്ളത് ലാലേട്ടന്റെയും പ്രിയന്‍സാറിന്റെയും സിനിമകള്‍ കണ്ടായിരുന്നു. കാരണം അതില്‍ ഒരുപാട് തമാശയുണ്ടാകും. എന്തായാലും ലാലേട്ടന്റെ കൂടെ ഒപ്പത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. റെഡ് വൈന്‍ എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി ലാലേട്ടന്റെ കൂടെ അഭിനയിക്കുന്നത്. അതില്‍ ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ ഇല്ലായിരുന്നു. പക്ഷേ ഒപ്പത്തില്‍ നല്ല വേഷം കിട്ടി. കരിയറില്‍ വിലിയ മുതല്‍ക്കൂട്ടാണത്. ഞാന്‍ അങ്ങനെ ഓടിനടന്ന് സിനിമയില്‍ അഭിനയിക്കാറില്ല. തിരക്കഥ പൂര്‍ണ്ണമായിട്ടും വാങ്ങിച്ച് വായിക്കാറുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട് നന്നായിട്ട് ചെയ്യാന്‍ കഴിയുമെന്ന് ആത്മവിശ്വാസം തോന്നിയാലേ അഭിനയിക്കാറുള്ളൂ.
നല്ല സിനിമയുടെ ഭാഗമാകുക
കൂടുതല്‍ സിനിമയില്‍ അഭിനയിച്ച് കൂടുതല്‍ കാശുണ്ടാക്കണമെന്നും ആഗ്രഹമില്ല. നല്ല സിനിമയുടെ ഭാഗമാകുക, നല്ല കഥാപാത്രങ്ങള്‍ ചെയ്യുക അതാണ് ആഗ്രഹം.