കേരള പിറവി ദിനാഘോഷവും മലയാള ദിനാചരണവും ഔദ്യോഗിക ഭാഷാവാരാഘോഷവും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കാൻ മലയാളികൾക്ക് സാധിക്കണം എന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇന്ത്യയ്ക്കാകെ മാതൃകയാണ് കേരള മോഡൽ.
വിദ്യാഭ്യാസത്തിലും ആരോഗ്യ മേഖലയിലും ആയുർദൈർഘ്യത്തിലും മാത്രമല്ല സാമൂഹിക പുരോഗതിയിലും കേരളം ഏറെ മുന്നിലാണ്. കേരളപ്പിറവിക്ക് ശേഷം ജന്മിത്വം അവസാനിപ്പിച്ചും ഭൂപരിഷ്കരണത്തിലൂടെയും നേടിയ നേട്ടങ്ങൾ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങളിലൂടെ കേരളം തുടരുകയാണ്.
എന്നാൽ മാലിന്യ സംസ്കരണം കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഉൾപ്പെടെ ഉയർന്നുവരുന്ന മറ്റു വെല്ലുവിളികളിലും അതിജീവിക്കാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പിലാക്കുന്ന വികസന പദ്ധതികൾ കേരളത്തിൻറെ പുരോഗതിക്ക് മുതൽക്കൂട്ടാകുമെന്നും കളക്ടർ പറഞ്ഞു.

ഡെപ്യൂട്ടി കലക്ടർ ആർ ആർ കെ രാജൻ അധ്യക്ഷത വഹിച്ചു അദ്ദേഹം ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രമുഖ ചരിത്രകാരൻ ഡോ സി ബാലൻ കന്നട തുളു എഴുത്തുകാരൻ സുന്ദര ബാറടുക്ക എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഔദ്യോഗിക ഭാഷ സേവന പുരസ്കാരം നേടിയ ആർ നന്ദലാൽ എൻറെ കാസർഗോഡ് ലോഗോ തയ്യാറാക്കിയ എസ് നിതിൻ എന്നിവർക്കും പുരസ്കാരങ്ങൾ നൽകി. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കെ വി കുമാരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
പുരസ്കാരം സ്വീകരിച്ചവർ മറുപടി പ്രസംഗം നടത്തി. ഡയറ്റ് ഫാക്കൽറ്റി വി മധുസൂദനൻ തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ബി എൻ സുരേഷ് രാഷ്ട്ര കവി ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി ഉമേഷ് സാലിയൻ സംസാരിച്ചു.