അനുഷ എൻ.എസ്
ചലച്ചിത്രലോകം ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിനെകക്കുറിച്ചുള്ള ചർച്ചയിലാണല്ലേ. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുറത്ത് വിട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്ന വിവരങ്ങൾ ഏതൊരു മനുഷ്യനെയും തലകുനിപ്പിക്കുന്നതാണ് . റിപ്പോർട്ട് പുറത്ത് വന്നതിനെതുടർന്ന് ഏറ്റവും ചർച്ചചെയ്യപ്പെടുന്ന വിഷയമാണ് കാസ്റ്റിംഗ് കൗച്ചും ലെെംഗിക ചൂഷണവും ഒക്കെ .
ഇതോടോപ്പം തന്നെ മാനസികമായി ഒരാളെ തളർത്തുവാനും ആത്മഹത്യയിലേക്ക് പോലും തള്ളിവിടാൻപോലും കെൽപുള്ള വിഷയമാണ് ബോഡി ഷെയിമിംഗ്. അതായത് ഒരു വ്യക്തിയെ നിറത്തിൻ്റെയോ,ശരീരപ്രകൃതത്തിൻ്റെയോ ഒക്കെ പേരിൽ മോശമായി പറയുക. അല്ലെങ്കിൽ തമാശയ്ക്ക് പോലും ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതിനെയാണ് ബോഡി ഷെയിമിംഗ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.അത്തരത്തിൽ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സിനിമ സീരിയൽ താരമായ മഞ്ജു പത്രോസ്.
നടി ശ്വേത മേനോൻ അവതരിപ്പിച്ച് വലിയ വിജയത്തിലെത്തിയ 2012 ലെ റിയാലിറ്റി ഷോയായിരുന്ന വെറുതേ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു പത്രോസ് സിനിമ സീരിയൽ രംഗത്തേക്കെത്തുന്നത്. കൂടാതെ ബിഗ്ബോസ് താരവും കൂടിയാണ് അവർ.

എന്നാൽ തൻ്റെ നിറത്തിന്റെയും ശരീരപ്രകൃതിയുടേയും പേരിൽ സഹപ്രവർത്തകർ പോലും മോശം രീതിയിൽ പരിഹസിക്കാറുണ്ടെന്നാണ് മഞ്ജു പത്രോസ് വെളിപ്പെടുത്തിയിരിക്കുന്നത് .ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.
മഴവിൽ മനോരമയിലെ മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ മഞ്ജു എത്തിയപ്പോൾ പ്രേക്ഷകരിൽ നിന്ന് ലഭിച്ച സ്വീകാര്യത കുറച്ചൊന്നുമായിരുന്നില്ല.
വമ്പൻ ഹിറ്റായി മാറിയ മറിമായത്തിന് ശേഷമാണ് മഞ്ജു അമൃത ടിവിയിലെ അളിയൻ VS അളിയൻ എന്ന മറ്റൊരു പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. ഈ പരമ്പരയിലെ തങ്കം എന്ന കഥാപാത്രം വളരെ സ്വാഭാവിക അഭിനയത്തിലൂടെ സുന്ദരമാക്കാൻ മഞ്ജുവിന് കഴിഞ്ഞു.ഈ പ്രോഗ്രാമിലെ അഭിനയിന് മഞ്ജു കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡിന് അർഹയായി. എന്നാൽ അവാർഡ് ലഭിച്ചതിന് ശേഷം പോലും തൻ്റെ മുഖത്ത് നോക്കി ബോഡി ഷെയിമിംഗ് നടത്തിയവരുണ്ടെന്നാണ് മഞ്ജു വെളിപ്പെടുത്തിയത്.സോഷ്യൽ മീഡിയയിലെല്ലാം വളരെ സജീവമായ മഞ്ജു സോഷ്യൽ മീഡിയയിൽ നേരിടുന്ന ബോഡി ഷെയിമിംഗിനെക്കുറിച്ച് വളരെ ശക്തമായ ഭാഷയിൽ മറുപടി പറയാറുണ്ട്.

ഒരിക്കൽ മഞ്ജു പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ ചക്ക പോത്ത് എന്ന് കമന്റിട്ടവന് ഒരു വീഡിയോയിലൂടെ കണക്കിന് മറുപടി കൊടുത്തിട്ടുണ്ട് അവർ. കൂടാതെ താൻ കുഞ്ഞുനാള് മുതൽ കേൾക്കുന്നതാണ് ബോഡി ഷെയിമിംഗ് എന്നും നിറത്തിനെയും ശരീരത്തെയും ഒക്കെ കുറിച്ച് പറഞ്ഞ് ഒരാളെ വേദനിപ്പിക്കാൻ എല്ലാവർക്കും എങ്ങനെയാണ് സാധിക്കുന്നതെന്നുമൊക്കെ പൊതുവേദിയിലടക്കം മഞ്ജു സംസാരിക്കാറുണ്ട്.
മിനി സ്ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലേക്കെത്തിയ മഞ്ജു പത്രോസ് നടൻ മോഹൻലാലിനൊപ്പം മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ശ്രദ്ദേയമായൊരു കഥാപാത്രം ചെയ്തിരുന്നു. ലില്ലിക്കുട്ടിയായി സ്ക്രീനിലെത്തിയ മഞ്ജു ഒരേ സമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ ചിത്രത്തിൻ്റെ ഷൂട്ട് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മഞ്ജുവിന് ഒരു അപകടം സംഭവിക്കുന്നത് അപകടത്തിൽ മുഖത്തിന് വലിയ പരിക്കേൽക്കുകയും സർജറി വേണ്ടിവരികയും ചെയ്തു .എന്നാൽ സർജറിക്ക് ശേഷം 11 ആം ദിവസം മുതൽ മഞ്ജു മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൻ്റെ അഭിനയത്തിനായി ഷൂട്ടിംഗ് സെറ്റിലെത്തി.

അപകടത്തിലൂടെ മുറിപ്പാടുകളും ചതവുകളും വീണ മുഖവുമായി അഭിനയിച്ച് ലില്ലിക്കുട്ടിയെ ഏറ്റവും മനോഹരമാക്കുവാൻ മഞ്ജുവിന് കഴിഞ്ഞു.തന്നെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തവർക്കുള്ള മറുപടിയാണ് ലില്ലിക്കുട്ടിയെന്ന് മഞ്ജു പലയാവർത്തി പറഞ്ഞുട്ടുമുണ്ട്.
കുറച്ച് നാളുകൾക്ക് മുന്നേ മഞ്ജുവിനെ വേട്ടയാടിയിരുന്ന ചോദ്യമായിരുന്നു ഭർത്താവ് സുനിച്ചൻ എന്ന് വിളിക്കുന്ന സുനിൽ ബെർനാഡുമായി വിവാഹ ബന്ധം വേർപെടുത്തിയോ എന്ന്. അത് തങ്ങളുടെ സ്വകാര്യതയാണെന്നും അത് ചുഴിഞ്ഞ് നോക്കേണ്ട ആവശ്യം ആർക്കുമില്ല എന്നുമാണ് മഞ്ജു മറുപടി നൽകിയത്. മഞ്ജു പറയാറുള്ളത് പോലെ നല്ലൊരു കലാകാരനെ അളക്കാനുള്ള അളവുകോൽ അയാളിലെ കലാപരമായ കഴിവാണ് അല്ലാതെ നിറമോ, ഉയരമോ, സൗന്ദര്യമോ ഒന്നുമല്ല