അനീഷ എം എ
രാഷ്ട്രീയ കേരളത്തില്‍ ഇടതിന് തുടര്‍ച്ചയായി കനത്ത പ്രഹരം ഏറ്റുകൊണ്ടിരിക്കുകയാണ്.തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും,നേതാക്കളുടെ രഹസ്യ കൂട്ടുകെട്ടുകളും, വിവാദങ്ങളും എല്ലാം സിപിഎമ്മിനും പിണറായി വിജയന് നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനും ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കോട്ട എന്നറിയപ്പെടുന്ന കണ്ണുരിലെ, രാഷ്ട്രീയ കാലാവസ്ഥയും കലങ്ങി മറിഞ്ഞു കൊണ്ടിരിക്കുകയാണ്.മുന്‍ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും സി പി എം യുവനേതാവുമായ മനു തോമസിന്റെ വെളിപ്പെടുത്തലുകളാണ് ഏറ്റവും ഒടുവിലായി സിപിഎമ്മിനെ ചൂടിപിടിപ്പിച്ചിരിക്കുന്നത്.പാര്‍ട്ടിയില്‍ നിരവധി സാമ്പത്തിക ഇടപാടുകളും അധോലോക മാഫിയകളുമായുള്ള ബന്ധവും നിലനില്ക്കുന്നുവെന്ന മുന്‍ നേതാവിന്റെ വെളിപ്പെടുത്തലാണ് കണ്ണൂരില്‍ കാട്ടുതീ പോലെ പടര്‍ന്നിരിക്കുന്നത്.
സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി അനുഭാവികളായ ആകാശ് തില്ലങ്കേരിയും അര്ജ്ജുന് ആയങ്കിയും അടങ്ങുന്ന വലിയ സ്വര്‍ണ മാഫിയാ സംഘങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചിരുന്നുവെന്നും ഈ ക്രിമനില്‍ സംഘങ്ങളെ സഹായിക്കുന്നതിന് വലിയ പ്രതിഫലം ലഭിച്ചിരുന്നുവെന്നുമാണ് ഉയര്‍ന്ന ആരോപണം.ക്വട്ടേഷന്‍ സംഘത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടും ബന്ധങ്ങള്‍ നിലനില്ക്കുന്നു. ഇതിനോട് സമരസപ്പെട്ടാല്‍ മാത്രമേ രാഷ്ട്രീയപ്രവര്‍ത്തനം നടത്താനാവൂ എന്ന സ്ഥിതിയാണുള്ളതെന്നുമായിരുന്നു മനുവിന്റെ ആരോപണം.പി ജയരാജനും മകനും കണ്ണൂരിലെ ക്വട്ടേഷന്‍ മാഫിയാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് മനു തോമസ് തുറന്നടിച്ചത്.പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും വഴിവിട്ട ബന്ധങ്ങള്‍ ഈ സംഘവുമായി ഉണ്ടെന്നും ഇതൊരു ചെറിയ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും നിരവധി നേതാക്കളുടെ പങ്കാളിത്തം വിശദമായ അന്വേഷണം നടത്തിയാല്‍ പുറത്തുവരുമെന്നുമാണ് മനു വ്യക്തമാക്കുന്നത്.
ആരോപണത്തിന് പിന്നാലെ മനു തോമസിനെ സിപിഎം ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മനു തോമസിനെതിരെ വിമര്‍ശനവുമായി പി ജയരാജന് രംഗത്തെത്തി. മനു തോമസ് പതിനഞ്ച് മാസമായി യാതൊരു രാഷ്ട്രീയപ്രവര്‍ത്തനവും നടത്താത്തയാളാണെന്നും ക്വട്ടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ആരെ കബളിപ്പിക്കാനാണെന്നും ജയരാജന് ചോദിച്ചു.പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വെച്ച് തെറ്റായ ആരോപണങ്ങളുന്നയിച്ചാല്‍ കൂട്ടുനില്ക്കാനാവില്ല. ഒരു പത്രത്തില്‍ നടത്തിയ പരാമര്‍ശത്തിലൂടെ തന്നെയും താറടിച്ച് കാണിക്കാന്‍ മനു തോമസ് ശ്രമിച്ചുവെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് പി.ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചത്.
ഇ പി ജയരാജന്റെ അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടിയില്‍ പരാതിയുയര്ത്തിയ നേതാവാണ് പി ജയരാജന്. എന്നാല്‍ അതേ ജയരാജന് മാഫിയാ സംഘങ്ങളെ സംരക്ഷിക്കുന്നുവെന്ന ആരോപണത്തില്‍ വളരെ വ്യത്യസ്തമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. പാര്‍ട്ടിയല്ല തിരുത്തേണ്ടതെന്നും മനു തോമസാണ് തിരുത്തേണ്ടതെന്നുമായിരുന്നു ജയരാജന്റെ ആവശ്യം.മനു തോമസിനെ വലതുപക്ഷ മാധ്യമങ്ങള്‍ ഉപയോഗിക്കുകയാണെന്നാണ് പി ജയരാജന്റെ പ്രതികരണം.
സിപിഎമ്മിന്റെയും കണ്ണൂരിലെ സഖാക്കളുടെയും തനിനിറം തുറന്നു കാണിച്ച മനു തോമസിനെ നിലവില്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിരിക്കുകയാണ്.മനു ഇപ്പോള്‍ സത്യത്തിന്റെ പാതയിലാണെന്നും,പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പ്പര്യപ്പെട്ടാല്‍ പരിഗണിക്കുമെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് പ്രഖ്യാപിച്ചിരിക്കുകയാണ്.അതെസമയം മനു തോമസിനെ ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയും രംഗത്തെത്തി.ക്വട്ടേഷന്‍-സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെതിരേ മനു തോമസിന് ബി.ജെ.പി.യില്നിന്ന് പോരാടാമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.മനു തോമസ് ഉന്നയിച്ചത് വളരെ ഗൗരവമായ കാര്യമാണെന്നും ക്വട്ടേഷന്‍-സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കു പിന്നില്‍ സി.പി.എമ്മിന്റെ കണ്ണൂര്‍ ലോബിയുടെന്നും കേന്ദ്ര ഏജന്‍സി അക്കാര്യം അന്വേഷിക്കണമെന്നും അബ്്ദുളളക്കുട്ടി പറഞ്ഞു.എന്ത് തന്നെയായലും കണ്ണുരിലെ ചെന്താരാകങ്ങളായ സഖാക്കളുടെ പൊയ്മുഖം തുറന്നു കാട്ടിയ മനുതോമസ് ഇനി ഏത് കൊടിയുടെ താഴെ അഭയെ തേടുമെന്ന് കാത്തിരുന്നു കാണാം.