വാഷിങ്ടന്‍: യുഎസ്സില്‍ അഞ്ചാംപനി (മീസില്‍സ്) പടര്‍ന്നുപിടിക്കുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ (CDC) കണക്കനുസരിച്ച് 21 സംസ്ഥാനങ്ങളിലും ന്യൂയോര്‍ക്ക് നഗരത്തിലുമായി 607 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. 2024-ല്‍ യുഎസ്സിലെ ആകെ അഞ്ചാംപനി ബാധിതരുടെ എണ്ണം 285 ആയിരുന്നു.
ആകെ രോഗികളില്‍ 196 പേരും അഞ്ച് വയസിന് താഴെ പ്രായമുള്ളവരാണ്. അഞ്ച് വയസിനും 19വയസിനും ഇടയില്‍ പ്രായമുള്ള രോഗികളുടെ എണ്ണം 240 ആണ്. 20 വയസിനുമേല്‍ പ്രായമുള്ള 159 രോഗികളും പ്രായം ലഭ്യമല്ലാത്ത 12 രോഗികളുമാണ് ഉള്ളത്. രോഗം ബാധിച്ച രണ്ടുകുട്ടികള്‍ ടെക്സാസില്‍ മരിച്ചിരുന്നു. ന്യൂ മെക്സിക്കോയിലെ ഒരാള്‍ മരിച്ചത് അഞ്ചാംപനി ബാധിച്ചാണോ എന്ന് സംശയിക്കപ്പെടുന്നു.
21 സംസ്ഥാനങ്ങളിലെ 22 ഇടങ്ങളാണ് സിഡിസിയുടെ കണക്ക് പ്രകാരം ‘മീസില്‍സ് ഹോട്ട്സ്പോട്ടുകള്‍’. നിലവില്‍ രോഗം ബാധിച്ചവരില്‍ 74 പേരാണ് ആശുപത്രികളിലുള്ളത്. ഇതില്‍ 42 പേര് അഞ്ച് വയസില്‍ താഴെ പ്രായമുള്ളവരും 19 പേര് അഞ്ചിനും 19-നും ഇടയില്‍ പ്രായമുള്ളവരുമാണ്.