മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി. മാധ്യമ സ്വാതന്ത്ര്യം എന്നത് ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കണമെന്നും കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നത് നിയന്ത്രിക്കണമെന്നുമുള്ള ഹർജികൾ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻനമ്പ്യാർ, കൗസർ എടപ്പഗത്ത്, സി എസ് സുധ, മുഹമ്മദ് നിയാസ്, വി എം ശ്യാംകുമാർ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചിന്റെതാണ് വിധി.
ക്രിമിനൽ കേസുകളിൽ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയിൽ വാർത്ത നൽകുന്നത് ഒഴിവാക്കണമെന്നും അതേസമയം, മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെയുള്ള സമീപനം കൈക്കൊള്ളണമെന്നും കോടതി പറഞ്ഞു.
വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽനിന്ന് ഉണ്ടായാൽ കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. മാധ്യമ നിയന്ത്രണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ മാനേജിങ് ട്രസ്റ്റിയുമായ ഡിജോ കാപ്പനാണ് ഹർജികൾ സമർപ്പിച്ചത്.