ചെന്നൈ: തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സ്ഥലങ്ങളിൽ കേരളത്തിൽനിന്നുള്ള സംഘം പരിശോധന നടത്തി. ഇതിന്റെ ഭാഗമായി മാലിന്യത്തിനൊപ്പമുള്ള മെഡിക്കൽ രേഖകളും മറ്റും പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കും. കൂടാതെ തിരുനെൽവേലി കളക്ടറെയും കേരള സംഘം സന്ദർശിക്കും.മൂന്നു ദിവസത്തിനുള്ളിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ നീക്കണമെന്ന് കേരളത്തോട് കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രൈബ്യൂണൽ അറിയിച്ചിരുന്നു. പലതവണയായി കേരളം മാലിന്യം തള്ളിയെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്തം കേരളത്തിനാണെന്നും ട്രൈബ്യൂണലിന്റെ ദക്ഷിണ മേഖല ബെഞ്ച് കുറ്റപ്പെടുത്തി. തിരുവനന്തപുരം ആർസിസിക്കെതിരെയും കോവളത്തെ സ്വകാര്യ ഹോട്ടലിനെതിരെയും നടപടിയെടുക്കണമെന്നുംമാലിന്യം നീക്കാനുള്ള ചെലവ് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡ് വഹിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രി മാലിന്യങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേരുടെ അറസ്റ്റ് സുത്തമല്ലി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മനോഹരന്, മായാണ്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ലക്ഷങ്ങള്‍ കമ്മിഷന് വാങ്ങി കേരളത്തില്‍നിന്ന് മെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിച്ച് ഇവിടെ തള്ളിയതാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. തിരുനെല്‍വേലിയിലെ കൊടകനല്ലൂര്‍, നടുക്കല്ലൂര്‍, പലാവൂര്‍ ഭാഗങ്ങളിലാണ് മാലിന്യം തള്ളിയത്.അതേസമയം മാലിന്യം തളളുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്നാട്ടില്‍ നടക്കുന്നത്. ഡിഎംകെ സര്‍ക്കാരിനെതിരെ അണ്ണാഡിഎംകെയും ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. ഡിഎംകെ സര്‍ക്കാര്‍ കേരളത്തില്‍നിന്നു മാലിന്യം തള്ളുന്നവര്‍ക്കു ഒത്താശ ചെയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ എക്സിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ സെല്ലില്‍ പരാതി ലഭിച്ചിട്ടും അവഗണിച്ചു. ഇനിയും മാലിന്യം തള്ളുന്നതു തുടര്‍ന്നാല്‍ ലോറിയില്‍ കയറ്റി മാലിന്യങ്ങള്‍ തിരികെ കേരളത്തിലേക്ക് കൊണ്ടുപോകുമെന്നാണ് അണ്ണാമലൈ അറിയിച്ചിരിക്കുന്നത്.