ലക്നൗ: മകന്റെ ജന്മദിനാഘോഷത്തിനായി നാട്ടിലെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും ആണ്‍സുഹൃത്തും ചേർന്ന് കുത്തിക്കൊന്ന് കഷ്ണങ്ങളാക്കി ഡ്രമ്മിലിട്ട് സിമിന്റ് തേച്ച് അടച്ചു. ഉത്തർപ്രദേശിലെ മീററ്റിലെ ഇന്ദിര നഗറിലാണ് സംഭവം. 29 കാരനായ സൗരഭ് രജ്പുത്താണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ മുസ്കാൻ റാസ്തോഗി (27) കാമുകൻ സൈഹില്‍ ശുക്ല (25) എന്നിവർ അറസ്റ്റിലായി. മാർച്ച് 4 നാണ് ഈ ക്രൂരത നടക്കുന്നത്. സൗരഭിന്റെ കുടുംബം നല്കിയ പരാതിയില്‍ കേസെടുത്ത പൊലീസ് 14 ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ വാടക വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
2016 ലാണ് സൗരഭും മുസ്കാനും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇരുവരുടെ പ്രണയ വിവാഹമായതിനാല്‍ രണ്ടുപേരുടെയും വീടുകളില്‍ എതിർപ്പുണ്ടായിരുന്നു. മർച്ചന്റ് നേവിയില്‍ ജോലിയുണ്ടായിരുന്ന സൗരഭ് മുസ്കാനൊപ്പം ഒന്നിച്ച് താമസിക്കാനായി ജോലി ഉപേക്ഷിച്ച് നാട്ടില്‍ തന്നെ നിന്നു. എന്നാല്‍ കുട്ടി ഉണ്ടായ ശേഷം മുസ്കാൻ തന്റെ സുഹൃത്തായ സൈഹില്‍ ശുക്ല ബന്ധത്തിലാവുകയായിരുന്നു. ഇതറിഞ്ഞ സൗരഭ് വേർപിരിയാൻ തീരുമാനിച്ചെങ്കിലും മകനെ ഓർത്ത് പിൻമാറുകയായിരുന്നു. തുടർന്ന് വീണ്ടും മർച്ചന്റ് നേവിയില്‍ ജോലികിട്ടിയ സൗരഭ് ലണ്ടനിലേക്ക് പോയി. അടുത്തിടെയാണ് മകന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലേക്കെത്തിയത്. ആ സമയത്തായിരുന്നു കൊലപാതകം.