അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വാൾട്സിനെ തെരഞ്ഞെടുത്തു. ട്രംപിന്റെ വിശ്വസ്തനാണ് മൈക്ക് വാൾട്സ്. റിട്ടയർഡ് ആർമി നാഷണൽ ഗാർഡ് ഓഫീസറാണ് അദ്ദേഹം, മാത്രമല്ല സൈനിക ലോജിസ്റ്റിക്സിന് മേൽനോട്ടം വഹിക്കുന്ന ഹൗസ് ആർമ്ഡ് സർവീസസ് സബ് കമ്മിറ്റിയുടെയും ഇന്റലിജൻസ് സെലക്ട് കമ്മിറ്റിയിലെയും ചെയർമാനുംകൂടിയാണ്.
കിഴക്കൻ മധ്യ ഫ്ലോറിഡയിൽ മൂന്ന് തവണ റിപ്പബ്ലിക്കൻ പ്രതിനിധിയായിരുന്നു മൈക്ക് വാൾട്സ്. അമേരിക്കയിൽ സുരക്ഷ ശക്തിപ്പെടുത്തുമെന്ന തന്റെ വാഗ്ദാനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരാളായാണ് വാൾട്സിനെ ട്രംപ് കാണുന്നത്.
പരിചയസമ്പന്നനായ വിദേശനയ വിദഗ്ധനും യുഎസ്-ഇന്ത്യ സഖ്യത്തിന്റെ തീക്ഷ്ണമായ വക്താവുമാണ് വാൾട്സ്, ശക്തമായ പ്രതിരോധ തന്ത്രങ്ങൾക്ക് വേണ്ടി, പ്രത്യേകിച്ച് ഇന്ത്യയുമായുള്ള ബന്ധത്തിലും ചൈനയെ പ്രതിരോധിക്കുന്നതിലും വാൾട്ട്സ് ശക്തമായി വാദിച്ചിട്ടുണ്ട് .
സെനറ്ററായ മാർക്കോ റൂബിയോയെ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ ആന്റണി ബ്ലിങ്കന്റെ കാലാവധി പൂർത്തിയാകുന്നതോടെ റൂബിയോ സ്ഥാനമേൽക്കും.