തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ മുന്നറിയിപ്പില്ലാതെ സന്ദർശനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ 10.30ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം അവിടെ ചെലവഴിച്ചു. ജീവനക്കാരുമായും രോഗികളുമായും അവരോടൊപ്പം വന്നവരുമായും മന്ത്രി സംസാരിച്ചു. രോഗികൾ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളിൽ മന്ത്രി ഇടപെട്ട് അത് പരിഹരിക്കാൻ നിർദേശം നൽകി.
അത്യാഹിത വിഭാഗം, പീഡിയാട്രിക് ഒപി, ഗൈനക്കോളജി ഒപി, ആന്റിനേറ്റൽ വാർഡ്, പോസ്റ്റ് നേറ്റൽ വാർഡ്, പിപി യൂണിറ്റ്, ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ, ഇൻഫെർട്ടിലിറ്റി ക്ലിനിക്, മെഡിസിൻ സ്റ്റോർ എന്നിവിടങ്ങൾ മന്ത്രി പരിശോധിച്ചു. വിവിധയിടങ്ങളിൽ കണ്ടെത്തിയ പോരായ്മകൾ അടിയന്തരമായി പരിഹരിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് നിർദേശം നൽകി.
എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.